ജാവയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ്പ് കൊച്ചിയില്‍

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്ന ജാവയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ് കൊച്ചിയില്‍. കളമശേരിയില്‍ ഈ മാസം 14ന് ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിക്കും. ജാവ വില്‍പ്പനയ്ക്കായി രാജ്യവ്യാപകമായി 105 ഡീലര്‍മാരെ തിരഞ്ഞെടുത്തു കഴിഞ്ഞെന്നാണു ക്ലാസിക് ലെജന്‍ഡ്‌സ് പറയുന്നത്.

മികച്ച വില്‍പ്പന, വില്‍പ്പനാന്തര സേവനം ഉറപ്പാക്കാന്‍ 2019 ഫെബ്രുവരി 15നകം രാജ്യവ്യാപകമായി നൂറോളം ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. പുണെയിലാണ് ജാവയുടെ ആദ്യത്തെ രണ്ടു ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്; തുടര്‍ന്നു ഡല്‍ഹി രാജ്യതലസ്ഥാന മേഖലയിലും ജാവ ഡീലര്‍ഷിപ് തുറന്നു. ബെംഗളൂരുവിലേതടക്കം നിരവധി ഡീലര്‍ഷിപ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

പോയ കാലത്തെ പ്രതാപമായിരുന്ന ജാവ മോട്ടോര്‍ സൈക്കിള്‍ വീണ്ടും എത്തുമ്പോള്‍ ക്ലാസിക് രൂപഭംഗി നിലനിര്‍ത്തിയിട്ടുണ്ട്. ആധുനിക ലിക്വിഡ് കൂള്‍ഡ് ഫോര്‍സ്‌ട്രോക്ക് എന്‍ജിനും എബിഎസും ഡിസ്‌ക് ബ്രേക്കുമൊക്കെയായാണ് ആധുനിക ജാവ എത്തുന്നത്. രണ്ടു മോഡലുകളാണ് വിപണിയിലെത്തിയത് ജാവ ക്ലാസിക്കിന് 1.64 ലക്ഷം രൂപയും ജാവ 42ന് 1.55 ലക്ഷം രൂപയുമാണ് വില.

ഇരു ബൈക്കുകള്‍ക്കും കരുത്തേകുക 293 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, നാലു വാല്‍വ് എന്‍ജിനാവും; മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമാണ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള ഈ എന്‍ജിന്. എന്‍ജിന്‍ ശേഷിയടക്കം എല്ലാം മാറിയിട്ടും ട്വിന്‍ ൈസലന്‍സറുകള്‍ നിലനില്‍ക്കുന്നു. എന്‍ജിന്‍ രൂപവും വാഹനത്തിന്റെ രൂപം പോലെ തന്നെ പഴമ നിലനിര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *