തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു. വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2020 മാര്‍ച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എന്‍.ജിയിലേക്കോ മാറണമെന്നാണ് നിര്‍ദേശം. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി.

സിറ്റി പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ ഉടമകള്‍ പുതിയ ഇ-റിക്ഷകള്‍ വാങ്ങുകയോ സി.എന്‍.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ-ഓട്ടോറിക്ഷാ നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സിന്റെ ഇ-റിക്ഷ ഉടന്‍ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്.
2000-നു മുമ്പ് പെട്രോള്‍ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനു ശേഷമാണ് ഡീസല്‍ ഓട്ടോറിക്ഷകള്‍ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തില്‍പ്പെട്ട ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തില്‍പ്പെട്ട ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കാണ് നിരോധനം ബാധകമാകുക. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലെത്തുന്നുണ്ട്. ഇത് തടയാനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
വൈദ്യുത വാഹനനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്ത് 70,689-ഉം എറണാകുളത്ത് 58,271-ഉം കോഴിക്കോട്ട് 51,449-ഉം ഓട്ടോറിക്ഷകളാണുള്ളത്. ഇതില്‍ പകുതിയിലധികം ഡീസലില്‍ ഓടുന്നവയാണ്.
പ്രധാനനഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ തോതുകുറയ്ക്കാന്‍ പാരമ്പരാഗത ഊര്‍ജം ഇന്ധനമാക്കിയ പൊതുവാഹനങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ കഴിയുമെന്ന് വൈദ്യുതി വാഹനനയത്തില്‍ പറയുന്നു. ആറുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പൂര്‍ണമായി വൈദ്യുതിയിലേക്കു മാറ്റും.






