ഹൗസ്ബോട്ട് റാലി മാറ്റി; പുതിയ തീയതി പിന്നീട്

ടൂറിസം മേഖലയുടെ തിരിച്ചു വരവ് അറിയിച്ച് നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന ഹൗസ്ബോട്ട് റാലി മാറ്റി. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്നാണ്‌ തീരുമാനം. പുതിയ തീയതി ഈ മാസം പത്തിന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ആലപ്പുഴ ഡിടിപിസി സെക്രട്ടറി എം മാലിന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.
പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന പേരില്‍ ഒക്ടോബര്‍ അഞ്ചിനാണ് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.

ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി,  ആലപ്പുഴ പ്രളയത്തെ  അതിജീവിച്ചതെങ്ങനെ എന്നു വിശദീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനം എന്നിവയൊക്കെ ഡിടിപിസി ആസൂത്രണം ചെയ്തിരുന്നു.

200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍, ചെറു വള്ളങ്ങള്‍ എന്നിവ അണിനിരക്കുന്ന റാലി ഇത്തരത്തില്‍ ലോകത്ത് തന്നെ ആദ്യമായിരുന്നു. റാലി നടക്കുന്ന  മൂന്ന് മണിക്കൂര്‍ പൊതുജനങ്ങള്‍ക്കു കായല്‍ ഭംഗികള്‍ സൗജന്യമായി ആസ്വദിക്കാനും അവസരമുണ്ടായിരുന്നു.
ആലപ്പുഴ സുരക്ഷിതമാണ് എന്ന് സന്ദേശമാണ് ബോട്ട് റാലിയിലൂടെ ഡി ടി പി സി മുന്നോട്ട് വെക്കുന്നത്. പ്രളയാനന്തരം കായല്‍ ഭംഗി ആസ്വദിക്കുന്നതിനായി ഓസ്‌ട്രേലിയയില്‍ നിന്നൊരു സംഘമാണ് ആദ്യം ആലപ്പുഴയില്‍എത്തിയത്. അവര്‍ക്കായി വന്‍ വരവേല്‍പ്പായിരുന്നു ആലപ്പുഴയിലെ ടൂറിസം മേഖല നല്‍കിയത്..

ആലപ്പുഴയിലെ ഹൗസ് ബോട്ട് മേഖല പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചെന്നും എം മാലിന്‍ പറഞ്ഞു. ബോട്ട് റാലിയെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം മേഖല ഉറ്റു നോക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *