ടൂറിസം പൊലീസ് വിനോദ സഞ്ചാരികളുടെ സുഹൃത്തും വഴികാട്ടികളുമാകണം: കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്തെ ടൂറിസം പൊലീസുകാര്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ സുഹൃത്തുക്കളും, വഴികാട്ടികളുമാകണമെന്ന് സംസ്ഥാന വിനോദ സഞ്ചാര ദേവസ്വം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം വകുപ്പും കിറ്റ്സും ചേര്‍ന്ന് വിനോദ സഞ്ചാരികളുടെ സുരക്ഷക്ക് വേണ്ടി ടൂറിസം പൊലീസിന് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


ടൂറിസം മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം ടൂറിസം പൊലീസിനും കൂടുതല്‍ സൗകര്യം ലഭ്യമാക്കും. ടൂറിസം പൊലീസിനെ ജനങ്ങള്‍ ഭയക്കുന്ന സാഹചര്യം അല്ല വേണ്ടതെന്നും സഞ്ചാരികളോട് ടൂറിസം പൊലീസ് കൂടുതല്‍ സൗഹാര്‍ദ്ദമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ടൂറിസം രംഗത്ത് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കാന്‍ ടൂറിസം പൊലീസിന്റെ ഇടപെടല്‍ ഉപകരിക്കും.

ടൂറിസം നയത്തിന്റെ ഭാഗമായി വിപുലമായ മാറ്റങ്ങളാണ് ടൂറിസം മേഖലയില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് . സംസ്ഥാനത്തെത്തുന്ന അതിഥികള്‍ക്ക് യാതൊരു ബൂദ്ധിമുട്ടുമില്ലാതെ മടങ്ങിപ്പോകാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാ സര്‍ക്കാരിനും ടൂറിസം വകുപ്പിനുമുള്ളതെന്നും മന്ത്രി പറഞ്ഞു

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ടൂറിസം നയം സമയബന്ധിതമായി നടപ്പിലാക്കുകയെന്നതാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച അനുഭവങ്ങള്‍ പ്രധാനം ചെയ്യുകയെന്നതാണ് വകുപ്പിന്റെ ലക്ഷ്യം. ഇതിനായി ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍, ക്ലീന്‍, സേഫ് എന്നീ മൂന്ന് കാര്യങ്ങള്‍ നടപ്പാക്കും, ഇതില്‍ പ്രഥമ മുന്‍ഗണന സുരക്ഷതത്തിനാണ്. അതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചതെന്നും റാണി ജോര്‍ജ് പറഞ്ഞു.
ചടങ്ങില്‍ ടൂറിസം രംഗത്തെ മികച്ച ഇന്റിസ്റ്റ്യൂറ്റിനായി കിറ്റ്സിന് ലഭിച്ച യുഎന്‍ഡബ്ലയുടിഒ യുടെ പുരസ്‌കാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജിന് കൈമാറി.

ആറ് ബാച്ചുകളിലായി 161 ടൂറിസം പൊലീസുകാരണ് പരിശീലനം നേടിയത്. വിജയകരമായി പരിശീലനം പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍,  ഐ.ജി. പി. വിജയന്‍ , കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്ത്, അറ്റോയ് പ്രസിഡന്റ് അനീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *