ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രം; തിരുപതി തിരുമല വെങ്കിടേശ്വര ക്ഷേത്രം

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ഥാടനകേന്ദ്രമാണ് തിരുപ്പതി. ദിവസേന പതിനായിരക്കണക്കിന് ആളുകളാണ് ഈ പുണ്യഭൂമിയിലേക്ക് എത്തിച്ചേരുന്നത്. ആന്ധ്രപ്രദേശില്‍ ചിറ്റൂര്‍ ജില്ലയിലെ പ്രധാന പട്ടണമാണ് തിരുപ്പതി. ലോകപ്രശസ്തമായ തിരുമല വെങ്കിടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.മഹാവിഷ്ണുവിനെ വെങ്കിടേശ്വര രൂപത്തില്‍ ആരാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നവും പൗരാണികവുമായ ക്ഷേത്ര മാണ് തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം. മഹാലക്ഷ്മി, ഭൂമീദേവി എന്നീ രണ്ട് ഭാര്യമാര്‍ക്കൊപ്പം വിവാഹം കഴിഞ്ഞ രൂപത്തിലാണ് വെങ്കിടേശ്വരനെ ഇവിടെ ആരാധിക്കുന്നത്.


സപ്തഗിരി തിരുമലയില്‍ കാണപ്പെടുന്ന ഏഴുകുന്നുകളില്‍ ഒന്നായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈകുണ്ഠ ഏകാദശിക്കാണ് തിരുമല വെങ്കിടേശ്വര ക്ഷേത്ര ത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. ആ ദിവസം ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ക്ക് സകല പാപങ്ങളില്‍ നിന്നും മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. തലമുടി സമര്‍പ്പണമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉത്തമ വിവാഹം നടക്കാനും മോക്ഷപ്രാപ്തിക്കുമെല്ലാമായി ധാരാളം ഭക്തര്‍ ഇവിടെ ദര്‍ശനം നടത്തുന്നു.

തിരുപ്പതി ലഡു ആണ് ക്ഷേത്രത്തിലെ പ്രസാദം. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് എല്ലാദിവസവും സൗജന്യ അന്നദാനം നടത്താറുണ്ട്. കുറഞ്ഞ ചെലവില്‍ താമസവും ഇവിടെ ദേവസ്ഥാനത്തിന്റെ തുച്ഛമായ വാടകക്കുള്ള ഗസ്റ്റ്ഹൗസുകളുണ്ട്. കൂടാതെ സ്വകാര്യ ഹോട്ടലുകള്‍ വേറേയും. തീവണ്ടിയോ ബസ്സോ ഇറങ്ങിയാല്‍ത്തന്നെ ബാലാജി ദര്‍ശനത്തിനെത്തുന്നവര്‍ക്ക് തിരുമലയിലേക്കു പോകാനുള്ള ബസ്സുകള്‍ റെഡിയാണ്.


തിരുമലയ്ക്ക് തൊട്ടടുത്ത പ്രധാന റെയില്‍വേ സ്റ്റേഷന്‍ 26 കിലോമീറ്റര്‍ അകലെയുള്ള തിരുപ്പതി റെയില്‍വേ സ്റ്റേഷനാണ്. കേരളത്തില്‍ നിന്ന് തിരുപ്പതിക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസ് ഉണ്ട്. പാലക്കാട് നിന്നും സേലം വഴിയാണ് ട്രെയിന്‍ സര്‍വീസ്.

ചെന്നൈയില്‍ നിന്ന് 133 കിലോമീറ്റര്‍ അകലെയാണ് തിരുപ്പതി ക്ഷേത്രം ക്ഷേത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്, www.Tirumala.org

Leave a Reply

Your email address will not be published. Required fields are marked *