ഹൗസ്ബോട്ട് റാലിയില്‍ മുഖ്യാതിഥി കേദാര്‍ ജാദവ്; ചരിത്ര യാത്ര ആസ്വദിക്കാന്‍ ആലപ്പുഴയിലേക്ക് പോരൂ ..

നവംബര്‍ രണ്ടിലെ ഹൗസ്ബോട്ട് റാലിയ്ക്ക് ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. ലോക ചരിത്രത്തില്‍ തന്നെ ആദ്യമായ ഹൗസ് ബോട്ട് റാലി ഗിന്നസ് റിക്കോഡ്‌ ബുക്കില്‍ കയറുമെന്ന് ഉറപ്പ്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവാകും മുഖ്യാതിഥി.

പ്രളയത്തിനു ശേഷം തിരിച്ചു വരവിന്‍റെ പാതയിലുള്ള ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരുക എന്നതാണ് ഹൗസ്ബോട്ട് റാലിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകരായ ആലപ്പുഴ ഡിടിപിസിയുടെ  സെക്രട്ടറി എം മാലിന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

പൊതുജനങ്ങള്‍ക്കു ഡിടിപിസിയില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ സൗജന്യ യാത്ര ചെയ്യാം.. പുന്നമട ഫിനിഷിംഗ് പോയിന്‍റില്‍ നിന്നു തുടങ്ങി കൈനകരി, ഇരുമ്പനം കായല്‍ ചുറ്റി മൂന്നു മണിക്കൂര്‍ ഹൗസ്ബോട്ട് യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.

ഹൗസ്ബോട്ടുകള്‍ക്ക് പുറമേ ഇവയുടെ ചെറു പതിപ്പായ ശിക്കാര വള്ളങ്ങളും റാലിയില്‍ അണിചേരുമ്പോള്‍ ഇതൊരു അപൂര്‍വ കാഴ്ചാനുഭവം ആകും എന്നതില്‍ തര്‍ക്കമില്ല. രാവിലെ ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖര്‍ റാലിയില്‍ അണിചേരും.

Leave a Reply

Your email address will not be published. Required fields are marked *