പയ്യാമ്പലം ബീച്ചിന്റെ ഭംഗി ഇനി നടന്ന് ആസ്വദിക്കാം

പയ്യാമ്പലത്ത് ഇനി കടലിന്റെ സൗന്ദര്യമാസ്വദിച്ച് ദീര്‍ഘദൂരം സുരക്ഷിതമായി നടക്കാം. പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഒരുകിലോമീറ്റര്‍ നടപ്പാത പി.കെ.ശ്രീമതി എം.പി. നാടിന് സമര്‍പ്പിച്ചു.

പയ്യാമ്പലം സൗന്ദര്യവത്കരണപദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 3.5 കോടി രൂപ ചെലവിലാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. സൗരോര്‍ജവിളക്കുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, മഴക്കൂടാരം തുടങ്ങിയവയുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്.

നൂറുകണക്കിന് സന്ദര്‍ശകരാണ് നിലവില്‍ പയ്യാമ്പലം ബീച്ചിലെത്തുന്നത്. എന്നാല്‍ ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടത്ര സൗകര്യങ്ങള്‍ നിലവിലില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിക്ക് കോര്‍പ്പറേഷന്‍ പദ്ധതി ആവിഷ്‌കരിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

പയ്യാമ്പലം ബീച്ചില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കളക്ടര്‍ മിര്‍ മുഹമ്മദലി, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ഡി.ടി.പി.സി. സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *