മൂട്ട ശല്യം അതിരൂക്ഷം; എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തിവെച്ചു

മൂട്ടശല്യം രൂക്ഷമായെന്ന് യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി-777 വിമാനമാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്.


വിമാനത്തില്‍ മൂട്ട ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് വിമാന കമ്പനിക്ക് പരാതി ലഭിക്കുന്നത്. ന്യൂആര്‍ക്ക് മുംബൈ യാത്രയ്ക്കിടയില്‍ ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്ത യാത്രക്കാരിക്കാണ് മൂട്ട ശല്യം നേരിട്ടത്.

സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെട്ടു തുടര്‍ന്ന് ജീവനക്കാര്‍ സീറ്റില്‍ മരുന്ന് തളിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം കൂടുതല്‍ മൂട്ടകള്‍ സീറ്റിനടിയില്‍ നിന്ന് പുറത്തുവരികയായിരുന്നു.

തുടര്‍ന്ന് ഇവരെ ഇക്കണോമി ക്ലാസില്‍ ഒഴിഞ്ഞുകിടന്നിരുന്ന ഒരു സീറ്റിലേക്ക് മാറ്റി. എന്നാല്‍ അവിടെ ലഭിച്ച സീറ്റ് വളരെ മോശമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സീറ്റുകള്‍ കീറിയതും ടി.വി സ്‌ക്രീന്‍ ഓഫാക്കാന്‍ സാധിക്കാത്തവിധം തകരാറിലായിരുന്നു. പിന്നീട് ജീവനക്കാര്‍ തുണി ഇട്ട് ടി.വി സ്‌ക്രീന്‍  മറയ്ക്കുകകയായിരുന്നു. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത തനിക്കും കുടുംബത്തിനും വളരെയേറെ ബുദ്ധിമുട്ടുണ്ടായെന്നും ധനനഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞയാഴ്ച ന്യൂആര്‍ക്ക്-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തിയ മറ്റൊരു വിമാനത്തിലും മൂട്ടശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പിഞ്ചു കുഞ്ഞിനെ മൂട്ട കടിച്ചെന്ന പരാതി കമ്പനിക്ക് ലഭിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ മൂട്ടകളുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *