പരിക്ഷ്‌ക്കാരവുമായി നമ്മ മെട്രോ

നമ്മ മെട്രോയുടെ ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റം യാത്രക്കാര്‍ക്കു ഗുണകരമായി. ആദ്യപ്രവൃത്തിദിനമായ തിങ്കളാഴ്ച മെട്രോയില്‍ 3,95 356 പേരാണ് യാത്ര ചെയ്തത്. ടിക്കറ്റിനത്തില്‍ വരുമാനമായി 1,30,61,151 രൂപയും ലഭിച്ചു. ഈ വര്‍ഷം ഇത്രയും പേര്‍ ഒറ്റദിവസം യാത്ര ചെയ്തതു റെക്കോര്‍ഡാണ്. കഴിഞ്ഞ വര്‍ഷം പൂജ അവധിയോട് അനുബന്ധിച്ച് മെട്രോയിലെ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റമായതോടെ കൂടുതല്‍ പേര്‍ മെട്രോയെ ആശ്രയിക്കാന്‍ തുടങ്ങിയെന്നാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാവിലെയും വൈകിട്ടും ബയ്യപ്പനഹള്ളിയില്‍നിന്നു മൈസൂരു റോഡ് വരെയും തിരിച്ചുമായി എട്ട് വീതം ട്രിപ്പുകളാണ് ആറ് കോച്ച് ട്രെയിന്‍ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്നത്. ആദ്യ കോച്ച് വനിതകള്‍ക്കായി മാറ്റിയതോടെ കൂടുതല്‍ സ്ത്രീകളും യാത്രക്കാരായി എത്തിയിട്ടുണ്ട്. ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലാണു നിലവില്‍ ആറ് കോച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ അടുത്ത ആറ് കോച്ച് ട്രെയിന്‍ എത്തും. ആറ് കോച്ച് ട്രെയിനില്‍ രണ്ടായിരം പേര്‍ക്ക് യാത്ര ചെയ്യാം.

മെട്രോയെ പകര്‍ത്താം: ആധാര്‍ കാര്‍ഡ് വേണം

മെട്രോ ട്രെയിനില്‍ ക്യാമറയുമായി യാത്ര ചെയ്യാന്‍ ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധം. ലഗേജ് പരിശോധനയില്‍ ക്യാമറ കണ്ടെത്തിയാല്‍ റജിസ്റ്ററില്‍ പേരിനൊപ്പം മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും നല്‍കണം.

പലരും മെട്രോ ട്രെയിനിലും പ്ലാറ്റ്‌ഫോമിലും ക്യാമറ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണു പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതെന്ന് ബിഎംആര്‍സിഎല്‍ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ യു.വസന്തറാവു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *