Tag: train expo
തീവണ്ടി പ്രേമികള്‍ക്ക് എക്സ്പോ ഒരുക്കി ചെന്നൈ
റെയില്‍ കോച്ചുകളുടെയും എന്‍ജിനുകളുടെയും പ്രദര്‍ശനമായ രാജ്യാന്തര റെയില്‍ കോച്ച് എക്സ്പോയ്ക്ക് (ഐആര്സിഇ) നാളെ ചെന്നൈ ഐസിഎഫ് ആര്‍പിഫ് പരേഡ് മൈതാനത്ത് തുടക്കമാവും. എക്സ്പോയുടെ പ്രഥമ പതിപ്പാണ് ചെന്നൈയില്‍ ഒരുക്കിയിരിക്കുന്നത്. ഐസിഎഫ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ), റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് (ആര്‍ഐടിഇഎസ്) എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് പ്രദര്‍ശനത്തിനു നേതൃത്വം നല്‍കുന്നത്. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പ്രദര്‍ശനം 19ന് അവസാനിക്കും. നാളെയും മറ്റന്നാളും വൈകിട്ട് മൂന്നു മുതല്‍ ആറുവരെയാണു പൊതുജനങ്ങള്‍ക്കു പ്രവേശനം. പത്തു രാജ്യങ്ങളില്‍ നിന്നുള്ള കോച്ചുകളും ട്രെയിനുകളും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. ഐസിഎഫ് പുറത്തിറക്കുന്ന ഏറ്റവും പുതിയ കോച്ചുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ സംവിധാനത്തിലെ നൂതന സാങ്കേതിക വിദ്യകളും കാണികള്‍ക്കു പരിചയപ്പെടുത്തും. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റെയില്‍വേ രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ എക്സ്പോ സഹായിക്കുമെന്നാണ് ഐസിഎഫ് അധികൃതരുടെ പ്രതീക്ഷ. പ്രവേശനം സൗജന്യം.