Tag: thenmala boat service

തെന്മലയില്‍ ബോട്ട് സവാരി പുനരാരംഭിച്ചു

തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ നിര്‍ത്തിവച്ചിരുന്ന ബോട്ട് സവാരി പുനരാരംഭിച്ചു. എന്നാല്‍ വനത്തിലെ ട്രെക്കിംഗിനു ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചിട്ടില്ല. ബോട്ടിങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രാവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സവാരി പുനരാരംഭിക്കുന്നതിന് അനുമതി ലഭിച്ചതെന്ന് ഇക്കോ ടൂറിസം അധികൃതര്‍ അറിയിച്ചു. നിലവില്‍ ആംബുലന്‍സ് ബോട്ട് ഉള്‍പ്പെടെ മൂന്ന് ബോട്ടുകളാണ് അണക്കെട്ടില്‍ സവാരി നടത്തുന്നത്. ഇതില്‍ ആംബുലന്‍സ് ബോട്ടിന് 10 സീറ്റും മറ്റു രണ്ട് ബോട്ടുകള്‍ക്ക് 25 വീതം സീറ്റുമാണുള്ളത്. സഞ്ചാരികള്‍ കുറവാണെങ്കില്‍ ആംബുലന്‍സ് ബോട്ടാണ് യാത്രയ്ക്കായി വിട്ടുനല്‍കുന്നത്. ചരക്കുസേവന നികുതിയും ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ പ്രവേശിക്കുന്നതിനുള്ള ഫീസുമടക്കം ഒരാള്‍ക്ക്‌ 245 രൂപയാണ് ഫീസ്. ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് തെന്മല അണക്കെട്ടും വനപ്രദേശങ്ങളും ഉള്‍പ്പെടുന്നത്. ഇതിനാലാണ് ഇവിടെ ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്.