Tag: thattaekad bird sanctuary
ഹിമാലയത്തില്‍ നിന്ന് ചിറക് വിരിച്ച് സപ്തവര്‍ണ്ണ സുന്ദരി
സപ്തവര്‍ണ്ണ സുന്ദരി എന്നറിയപ്പെടുന്ന കാവി പക്ഷി ഹിമാലയത്തില്‍ നിന്ന് വീണ്ടും തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് ദേശാടനത്തിനായി എത്തി. കാവി എന്നറിയപ്പെടുന്ന പിറ്റ പക്ഷി ഹിമാലയത്തിലെ അതി ശൈത്യത്തില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടിയാണ് സെപ്റ്റംബര്‍,ഒക്ടോബര്‍ മാസങ്ങളില്‍ ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് തട്ടേക്കാട് ഡോക്ടര്‍ സലിം അലി പക്ഷിസങ്കേതത്തില്‍ പതിവായി എത്തുന്നത്. ഹിമാലയത്തില്‍ അതിശൈത്യം തുടങ്ങുമ്പോള്‍ കാവി കിളികള്‍ നീണ്ട പറക്കലിന് തയ്യാറെടുപ്പുകള്‍ നടത്തുകയും, തട്ടേക്കാട് ലക്ഷ്യമാക്കി പറക്കുകയുമാണ്. ചെറിയ ശരീരത്തില്‍ പറക്കുന്നതിന് വേണ്ടി ഊര്‍ജ്ജം സംഭരിച്ചാണ് ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് ദേശാടനം നടത്തുന്നത്. തട്ടേക്കാട് താല്കാലിക വാസസ്ഥലം ഒരുക്കുന്ന കാവികിളികള്‍ തന്റെ ഇണയെ കണ്ടെത്തുകയും ചെറിയ കീടങ്ങളെയും മണ്ണിരയെയും മറ്റും ഭക്ഷിച്ച് ജന്മനാട്ടിലേക്കുള്ള തയ്യാറെടുപ്പിന് ഒരുങ്ങുകയും ചെയ്യുന്നത്. കൂട്ടമായും ഒറ്റയ്ക്കും സഞ്ചരിക്കുന്ന കാവി പക്ഷികള്‍ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ തിരികെ ഹിമാലയത്തിലേക്ക് പറക്കും. തട്ടേക്കാട് കാവി പക്ഷികളെ ധാരാളമായി കാണാറുണ്ടെന്നും പക്ഷിഗവേഷകനായ ഡോ. ആര് സുഗതന് പറഞ്ഞു.