Tag: suresh pillai
പാനിപുരിയ്ക്ക് കേരളത്തിന്റെ മറുപടി
ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ വിഭവമാണ് പാനിപുരി. വടക്കേ ഇന്ത്യയിലെ തെരുവ് ഭക്ഷണങ്ങളില്‍ പുളിയും ഉപ്പും മധുരവും കലര്‍ന്ന രുചിയുടെ വെടിക്കെട്ട് സമ്മാനിക്കുന്ന ഭക്ഷണം ഇപ്പോള്‍ കേരളത്തിലെ വഴിയോരങ്ങളിലും കാണാം. ഭായിമാര്ക്കൊപ്പം പാനിപൂരിയും അങ്ങനെ പശ്ചിമഘട്ടം കടന്നെത്തി. ഉരുള കിഴങ്ങും മസാലയും നിറച്ച പുരിയില്‍ മല്ലിയിലയും പുതിനയിലയും പുളിയും ചേര്‍ത്ത സ്വാദേറിയ വെള്ളവും ഒഴിച്ച് കുടിക്കുന്ന വിഭവത്തിന് ഇതാ കേരളത്തിന്റെ മറുപടി. അതേ കേരള സ്റ്റൈല്‍ പാനിപുരി . കറുമുറെ ഇരിക്കുന്ന പുരിയില്‍ നല്ല നാടന്‍ മാങ്ങ അച്ചാറും മോരും വെള്ളവും. ലോകമെമ്പാടും കേരളീയ ഭക്ഷണത്തിന്റെ മേന്മ അറിയിക്കാന്‍ തീരുമാനിച്ച ഹോട്ടല്‍ റാവീസിലാണ് ഈ പുതിയ പരീക്ഷണം . മുഖ്യ ഷെഫായ സുരേഷ് പിള്ളയാണ് ഉത്തരേന്ത്യന്‍ പാനിപുരിയ്ക്ക് കേരള സ്റ്റൈല്‍ മറുപടി നല്‍കിയത്. റാവീസിലെത്തുന്ന ഭക്ഷണപ്രിയര്‍ക്ക് ഈ കേരള സ്റ്റൈല്‍ പാനിപുരിയാണ് വെല്‍ക്കം ഡ്രിങ്കായി ലഭിക്കുക.
ആഗോള തീന്മേശകളില് കേരള രുചിയുമായി റാവിസ്: സുരേഷ് പിള്ള മുഖ്യ ഷെഫ്
ലോകമെമ്പാടും കേരളീയ ഭക്ഷണത്തിന്റെ മേന്മ പടർത്താൻ കേരളീയം ബ്രാൻഡ് എന്ന ലക്ഷ്യത്തോടെ ഹോട്ടൽ റാവിസ്. ഇതിന്റെ ആദ്യപടിയായി ബിബിസിയുടെ മാസ്റ്റർ ഷെഫ് മത്സരത്തിൽ മത്സരാർഥിയായ ആദ്യ മലയാളി ഷെഫ് സുരേഷ് പിള്ള പ്രധാന ഷെഫായി റാവിസിൽ ചുമതലയേറ്റു. കേരളത്തിെന്റെ പ്രത്യേകിച്ച് കൊല്ലത്തിന്റെ പ്രധാന മത്സ്യമായ കരിമീനിനെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി കരിമീൻ ക്ലബ്, റാവിസിലെ പുതിയ ഫുഡ് മെനു എന്നിവയുടെ ലോഞ്ചിങ് റാവിസിൽ നടന്ന ചടങ്ങിൽ ഉടമ രവി പിള്ള, എൻ.കെ പ്രേമചന്ദ്രൻ എംപി, എം. മുകേഷ് എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. 14 വർഷത്തോളമായി ലണ്ടനിൽ ജോലി നോക്കുകയായിരുന്ന ഷെഫ് സുരേഷ് പിള്ള രവി പിള്ളയുടെ പ്രത്യേക ആവശ്യപ്രകാരമാണ് സ്വന്തം നാടായ കൊല്ലത്തെത്തിയത്. ചവറ തെക്കുംഭാഗം സ്വദേശിയായ അദ്ദേഹം ആരോഗ്യകരവും രുചിയുള്ളതുമായ ഭക്ഷണം സന്ദർശകർക്കായി ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. കുമരകം, അഷ്ടമുടി കായലുകളിലെ കരിമീനിനൊപ്പം ഔദ്യോഗിക ഫലമായ ചക്കയുടെ പ്രചരണത്തിനായും റാവിസിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഒരുങ്ങുകയാണ്.