Tag: speed radar
മിന്നല്‍ വേഗക്കാരെ പിടിക്കാന്‍ 162 സ്പീഡ് റഡാറുകള്‍ കൂടി
വാഹനങ്ങളുടെ മരണവേഗം നിയന്ത്രിക്കാൻ പൊലീസ് 162 സ്പീഡ് റഡാറുകൾ കൂടി വാങ്ങുന്നു. കൈത്തോക്കിന്റെ മാതൃകയിലുള്ള സ്പീഡ് റഡാർ വാഹനങ്ങൾക്കുനേരെ പിടിച്ചാൽ നിമിഷങ്ങൾക്കകം വേഗത മനസ്സിലാക്കാനാവും. മൂന്നേകാൽ കോടി രൂപയാണ് ഇതിനായി ആഭ്യന്തരവകുപ്പ് ചെലവഴിക്കുന്നത്. ലേസർ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഉപകരണത്തിന് വാഹനങ്ങളിലും മറ്റും ഘടിപ്പിച്ച ലേസർ ജാമറുകളെയടക്കം പ്രതിരോധിക്കാനാകും. കൂടാതെ മണിക്കൂറിൽ 320 കിലോമീറ്റർ വരെയുള്ള വേഗത കണ്ടെത്താനുമാകും. വാഹനം 200 മീറ്റർ അടുത്തെത്തിയാൽപോലും മൂന്നുസെക്കൻഡുകള് കൊണ്ട് വേഗത അളക്കുന്ന ഉപകരണം ഒരുതവണ ചാർജ് ചെയ്താൽ എട്ടു മണിക്കൂർ തുടർച്ചയായി ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനാവും. ഇതോടൊന്നിച്ച് വേഗത കാണിക്കുന്ന പ്രിൻൗട്ട് ലഭിക്കാനും സംവിധാനമുണ്ടാകും. റഡാറിന് തൊട്ടടുത്ത് വാഹനത്തിൽ സ്ഥാപിച്ച അനുബന്ധ യൂനിറ്റിലേക്ക് വിവരങ്ങൾ ബ്ലൂടൂത്ത് വഴിയാണ് എത്തുക. തിയ്യതി, സമയം, വാഹനത്തിന്റെ വേഗത, അനുവദനീയമായ വേഗത, നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് മെഷീനിൽ നിന്ന് പ്രിന്റ് ചെയ്തുവരിക. ഇതിൽ ഒഴിച്ചിട്ട ഭാഗത്ത് വാഹനത്തിലെ ഡ്രൈവറെക്കൊണ്ട് ഒപ്പുവെപ്പിച്ചശേഷം പിന്നീട് പിഴ അടപ്പിക്കുകയാണ് ചെയ്യുക.