Tag: soudi women in hospitality sector
സൗദിയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്ത്രീകളും
സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് സൗദി അറേബ്യ. സൗദിയില്‍ ഹോസ്പിറ്റാലിറ്റി രംഗത്താണ് സ്ത്രീകളെ നിയമിച്ചിരിക്കുന്നത്. 41 സ്വദേശി വനിതകളാണ് മക്കയിലെ ഹോട്ടലുകളില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യാന്‍ തുടങ്ങിയത്. അതിഥി സ്വീകരണം, പാചകം, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍ നിയമിതരായിരിക്കുന്നത്. വളരെ സന്തോഷകരമായ അനുഭവമാണെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുമായും തീര്‍ഥാടകരുമായും ഇടപെടുന്നതിനാല്‍ പല സംസ്കാരങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നുവെന്നും സൗദി വനിതകള്‍ അഭിപ്രായപ്പെട്ടു. ഭാവിയെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ടെന്ന് ഇവര്‍ പറഞ്ഞതായും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ വിപുലമായ സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങളാണ് രാജ്യത്ത് നടക്കുന്നത്. വിനോദ മേഖലയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിച്ചതും, ഫാഷന്‍ ഷോ നടത്താമെന്ന പ്രഖ്യാപനവും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നുള്ള സൗദി കിരീടാവകാശിയുടെ പ്രസ്താവനയും കൈയടിയോടെയാണ് സൗദി സമൂഹം സ്വീകരിച്ചത്.