Tag: Relaince Jio

ജിയോ പ്രൈം അംഗത്വ കാലാവധി നീട്ടി

നിലവിലെ ജിയോ പ്രൈം വരിക്കാർക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങൾ നൽകുമെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കി. നേരത്തെ അംഗമായവർക്കും 99 രൂപ നൽകി നിലവിൽ പ്രൈം അംഗത്വം നേടുന്നവർക്കുമാണ് സൗജന്യം. അധിക നിരക്ക് ഈടാക്കാതെ പ്രൈം സേവനങ്ങൾ 12 മാസത്തേക്ക് നൽകുമെന്ന വാഗ്ദാനത്തിലൂടെ നിലവിലെ വരിക്കാരെ പിടിച്ചുനിർത്താൻ ജിയോയ്ക്ക് സാധിക്കും. നിലവിലുള്ള അംഗങ്ങൾ മൈ ജിയോ ആപ്പിൽ സേവനം ദീർഘിപ്പിക്കാനുള്ള താൽപര്യം റജിസ്റ്റർ ചെയ്യണമെന്നും കമ്പനി അറിയിച്ചു. നിലവിലെ അംഗത്വം ഇന്നാണ് അവസാനിക്കുന്നത്. 12 മാസം കൂടി ഓഫർ നൽകിയതോടെ 2019 മാർച്ച് 31 വരെ ജിയോ പ്രൈം അംഗങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. നിലവിൽ കമ്പനിക്ക് 17.5 കോടി വരിക്കാരുണ്ടെന്ന് ജിയോ അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ഇത് 16 കോടി ആയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രൈം അംഗത്വം ജിയോ അവതരിപ്പിക്കുന്നത്. ജിയോ പ്രൈം അംഗത്വമെടുക്കുന്നവർക്ക് ക്യാഷ്ബാക്ക്, അധിക ഡേറ്റ, അൺലിമിറ്റഡ് കോൾ തുടങ്ങി നിരവധി സേവനങ്ങളാണ് നൽകുന്നത്.

ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും

റിലയന്‍സ് ജിയോ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രൈം അംഗത്വത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. എന്നാല്‍ നിലവിലുള്ള പ്രൈം അംഗത്വത്തിനുള്ള കാലാവധി ഇനിയും തുടരുമോ അതിന് പകരമായി മറ്റെന്തെങ്കിലും സംവിധാനം കൊണ്ടുവരുമെന്നോ ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 99 രൂപയ്ക്കുള്ള പ്രൈം അംഗത്വം അല്‍പം കൂടിയ വിലയില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനാണ് സാധ്യത. പക്ഷേ ആ കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് അധിക ഡാറ്റാ ആനൂകൂല്യങ്ങള്‍ ജിയോ പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ 99 രൂപയ്ക്ക് പ്രൈം അംഗത്വമെടുക്കാം. പ്രൈം അംഗങ്ങള്‍ക്കായി മാത്രമുള്ള ഓഫറുകള്‍ ലഭിക്കണമെങ്കില്‍ അംഗത്വം എടുത്തിരിക്കണം. ഒറ്റത്തവണ മാത്രം റീച്ചാര്‍ജ് ചെയ്താല്‍ മതി. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകള്‍ ജിയോ നല്‍കുന്നുണ്ട്. 19 രൂപയില്‍ തുടങ്ങി 9999 രൂപ വരെയുള്ള ഓഫറുകള്‍ ഇക്കൂട്ടത്തിലുണ്ട്.