Tag: punalubridge
തൂക്കുപാലത്തിന്റെ വികസനം തുലാസില്‍
പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിൽ നടന്നുവന്ന അറ്റകുറ്റപ്പണികൾ നിലച്ചിട്ട് രണ്ടുമാസം. കൈവരികളിൽ ഇരുമ്പുവല സ്ഥാപിക്കുന്ന ജോലികൾ മാത്രമാണ് പൂർത്തിയായത്. കേടായ പലകകൾ മാറ്റിസ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ ബാക്കിയാണ്. സന്ദർശകർ ഏറ്റവുമധികം എത്തുന്ന സീസണിലേക്ക് പ്രവേശിക്കുമ്പോഴാണ് പണികൾ നിലച്ചത്. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 18.90 ലക്ഷം രൂപ പുരാവസ്തുവകുപ്പിൽനിന്ന് അനുവദിച്ചിരുന്നു. കൈവരിയിൽ ഇരുമ്പുവല സ്ഥാപിക്കൽ, കമാനങ്ങൾ മിനുക്കൽ, ഉരുക്കു ഗർഡറുകളിൽ ചായം പൂശൽ, വൈദ്യുതീകരണം, സുരക്ഷാ ജീവനക്കാരുടെ കാബിന്റെ പൂർത്തീകരണം, പാലത്തിൽ പാകിയിട്ടുള്ള കമ്പകപ്പലകകളിൽ ദ്രവിച്ചവ മാറ്റിസ്ഥാപിക്കൽ തുടങ്ങിയവയായിരുന്നു പ്രവൃത്തികൾ. സുരക്ഷ മുൻനിർത്തി ഇരുമ്പുവല ഘടിപ്പിക്കുന്ന ജോലി ആദ്യം പൂർത്തിയാക്കുകയായിരുന്നു. ബാക്കി ജോലികളിൽ ഒന്നുപോലും ആരംഭിച്ചതുമില്ല. ചായംപൂശാതിരുന്നതിനാൽ സ്ഥാപിച്ച ഇരുമ്പുവല തുരുമ്പിച്ചുതുടങ്ങിയിട്ടുണ്ട്. പാലത്തിൽ പാകിയിട്ടുള്ള പലകകളിൽ പലതും ദ്രവിച്ചു. ബ്രിട്ടീഷ് എൻജിനീയർ ആൽബർട്ട് ഹെൻട്രിയുടെ മേൽനോട്ടത്തിൽ, കല്ലടയാറിന് കുറുകേ 1877-ലാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.