Tag: Pantry Service

പേപ്പര്‍ പ്ലേറ്റ് വ്യാപകമാക്കാന്‍ മധ്യ റെയില്‍വേ

മധ്യറെയില്‍വേയ്ക്കു കീഴിലുള്ള സ്റ്റേഷനുകളിലും ട്രെയിനുകളിലും ഭക്ഷണ, പാനീയ വിതരണത്തിന് പേപ്പര്‍ പ്ലേറ്റുകളും പേപ്പര്‍ കപ്പുകളും വ്യാപകമാക്കാന്‍ പദ്ധതി. നിലവിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ സ്റ്റോക് തീര്‍ന്നാല്‍ കടലാസ് ഉല്‍പന്നങ്ങള്‍ പകരം ലഭ്യമാക്കാനാണ് തീരുമാനം. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്റ്റേഷനുകളിലെ കടകളും തങ്ങളുടെ പരിധിയിലുള്ള ട്രെയിനുകളും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള മധ്യറെയില്‍വേയുടെ തീരുമാനം. മധ്യറെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍, കാറ്ററിങ് വിഭാഗം, ഐആര്‍സിടിസി എന്നിവയിലെ ഉദ്യോഗസ്ഥര്‍, കേറ്ററിങ് കരാറുകാരുടെയും സ്റ്റാള്‍ ഉടമകളുടെയും പ്രതിനിധികള്‍ എന്നിവരുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് മധ്യറെയില്‍വേ ഭക്ഷണ സര്‍വീസ് പ്ലാസ്റ്റിക് മുക്തമാക്കാനുള്ള തീരുമാനമെടുത്തത്. നിലവില്‍ ട്രെയിനുകളില്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന രീതി അവസാനിപ്പിക്കും. അവയ്‌ക്കൊപ്പം പ്ലാസ്റ്റിക് സ്പൂണുകള്‍ക്കു പകരമുള്ള സംവിധാനത്തെക്കുറിച്ച് ആലോചിച്ചുവരികയാണെന്ന് മധ്യറെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.