Tag: Panoramic window

വിശാല കാഴ്ചകള്‍ സമ്മാനിക്കാന്‍ പനോരമിക് ജനാലകളുമായി എക്‌സ്പ്രസ് ട്രെയിനുകള്‍

എക്‌സ്പ്രസ് ട്രെയിനുകളിലെ എസി യാത്രക്കാര്‍ക്കു വിശാല കാഴ്ച സമ്മാനിക്കുന്ന പനോരമിക് വ്യൂ ജനാലകള്‍ ഉള്‍പ്പെടുത്തിയ കോച്ചുകള്‍ വൈകാതെ പുറത്തിറക്കുമെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്). എസി ത്രീ ടയര്‍ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ഒരുങ്ങുക. ഘട്ടം ഘട്ടമായി മറ്റ് എസി കോച്ചുകളിലും പനോരമിക് ജനാലകള്‍ കൊണ്ടുവരും. നിലവില്‍ ഒന്‍പത് ഗ്ലാസ് ജനാലകളാണ് ഓരോ ത്രീ ടയര്‍ എസി കോച്ചിലുമുള്ളത്. പകരം, കോച്ചിന്റെ മൊത്തം നീളത്തില്‍ ഒറ്റ ഗ്ലാസില്‍ ഒരുക്കുന്ന ജനാലയാണ് പനോരമിക് വ്യു കോച്ചുകളില്‍ ഉണ്ടാവുക. ഒന്നിലേറെ ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചാണിവ നിര്‍മിക്കുക. പെട്ടെന്നു പൊട്ടാത്ത കരുത്തേറിയ ഗ്ലാസുകളാണിവ. ഒരു കോച്ചിനു രണ്ടു കോടി രൂപയാണു നിര്‍മാണ ചെലവ്. രാജധാനി അടക്കമുള്ള പ്രീമിയം ട്രെയിനുകള്‍ക്കാണ് ഇത്തരം കോച്ചുകള്‍ ആദ്യം ലഭിക്കുക. വിനോദ സഞ്ചാര റൂട്ടുകളിലെ ട്രെയിനുകളിലാണ് തുടക്കത്തില്‍ പരീക്ഷിക്കുന്നത്. വിനോദ സഞ്ചാര റൂട്ടുകളിലേക്കായി കറങ്ങുന്ന കസേരകളും, ഗ്ലാസ് മേല്‍ക്കൂരയുമുള്ള വിസ്റ്റാഡം കോച്ചുകള്‍ ഐസിഎഫ് ഈയിടെ പുറത്തിറക്കിയിരുന്നു.