Tag: pampa river
അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണം, ജാഗ്രതാ നിർദ്ദേശം
പമ്പാനദിയിൽ ജലനിരപ്പ് വൻതോതിൽ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്.അയ്യപ്പഭക്തർക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്. നദിയിൽ ജലനിരപ്പ് കൂടുന്നതല്ലാതെ കുറയുന്നില്ല. അപകടരമാം വിധം ഒഴുക്ക് പമ്പാനദിയിൽ ഉണ്ട്.പമ്പാ ഉൾപ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകൾ ഇപോഴും തുറന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും പോലീസും സംയുക്തമായി തീരുമാനിച്ചു. പത്തനംതിട്ടയിലെ മഴയുടെ തോതിനും മാറ്റമില്ല. പമ്പാ നദിയിലെ വെള്ളത്തിന്റെ അപകടാവസ്ഥയ്ക്ക് മാറ്റം വരാതെ അയ്യപ്പഭക്തരെ പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കടത്തിവിടാനാകില്ല. 15 ന് ശബരിമലയിൽ നിറപുത്തരി ചടങ്ങിനെത്താനിരിക്കുന്ന അയ്യപ്പഭക്തർ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പയിൽ പൊലീസ് ബാരിക്കഡ് സ്ഥാപിച്ചും ,വടം കെട്ടിയും ,അപകട മുന്നറിയിപ്പ് നൽകിയും അയ്യപ്പഭക്തർക്ക് സ്ഥിതിഗതികൾ കൈമാറാൻ സജ്ജമാണ്. അയ്യപ്പഭക്തർ അപകട മുന്നറിയിപ്പ് നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കണമെന്ന് ദേവസ്വം ബോർഡ് പറഞ്ഞു.