Tag: njarakkal aqua tourism
അവധിക്കാല ടൂറിസത്തിനൊരുങ്ങി ഞാറയ്ക്കല്‍ അക്വാ ഫാം
അവധിക്കാല സന്ദർശകരെ വരവേൽക്കാൻ ഞാറയ്ക്കലിലെ മൽസ്യഫെഡ് അക്വാ ടൂറിസം സെന്റര്‍ ഒരുങ്ങി. വാട്ടർ സൈക്ലിങ്ങിനും കയാക്കിങിനുമുള്ള സൗകര്യമാണ് അവധിക്കാലത്തെ മുഖ്യ ആകര്‍ഷണം. മീൻചാട്ടം ആസ്വദിക്കാനുള്ള സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഫാമിൽ ഉല്ലാസയാത്ര നടത്തുന്നതിനു ബോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദർശകർക്കു വിശ്രമിക്കാൻ ഫാമിന്റെ മധ്യത്തിൽ കുടിലുകൾ കെട്ടിയിട്ടുണ്ട്. വെള്ളപ്പരപ്പിനു നടുവിൽ തണുത്ത കാറ്റേറ്റ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാം. മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണാണു ഞാറയ്ക്കൽ ഫിഷ് ഫാമിന്റെ മറ്റൊരു ആകർഷണം. സന്ദർശകർക്കു ബോട്ടിൽ സഞ്ചരിക്കുന്നതിനു പുറമെ ചൂണ്ടയിടാനും അവസരമുണ്ട്. ഞാറയ്ക്കൽ ആശുപത്രിപ്പടിയില്‍ നിന്നും ആറാട്ടുവഴി കടപ്പുറം റോഡിന്റെ വശത്താണു സെന്റര്‍ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ മീൻ വിൽപനയായിരുന്നു പ്രധാനമായി ഇവിടെ നടന്നിരുന്നത്. എന്നാൽ ഏക്കറുകണക്കിനുള്ള വിശാലമായ ഫാമും മനോഹരമായ പ്രദേശവും കൂടുതൽ ആളുകളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചു. കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ ഇവിടം വിനോദസഞ്ചാര കേന്ദ്രമായി മാറി. ഓരോ വർഷവും ഫാമിലെത്തുന്ന സന്ദർശകരുടെ തിരക്കു വർധിക്കുകയാണ്.