Tag: mobile library tour in UAE
യു.എ.ഇയില്‍ സഞ്ചരിക്കുന്ന പുസ്തകശാല
അതിരുകളില്ലാത്ത വായന എന്ന പ്രമേയത്തെ ആസ്പദമാക്കി ഷാര്‍ജ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മൊബൈല്‍ ലൈബ്രറി യു.എ.ഇയില്‍ യാത്ര സംഘടിപ്പിക്കുന്നു. വായനയിലൂടെ അറിവ് വളര്‍ത്താനും വിഖ്യാതപുസ്തകങ്ങള്‍ പ്രചരിപ്പിക്കാനുമായാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യവ്യാപകമായി യാത്രചെയ്യുന്നത്. യു.എ.ഇയിലെ തിരഞ്ഞെടുത്ത 28 കേന്ദ്രങ്ങളിലാണ് ഷാര്‍ജ മൊബൈല്‍ ലൈബ്രറിയാത്ര നടത്തുക. കൂടാതെ, സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതുയിടങ്ങള്‍, ഭിന്നശേഷിക്കാരെ നയിക്കുന്ന കമ്യൂണിറ്റി സംഘടനകളിലും അവരുടെ കേന്ദ്രങ്ങളിലും പുസ്തക യാത്ര എത്തും. ജനങ്ങള്‍ക്ക് വായന ആസ്വദിക്കാനും ഇഷ്ടപുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും അവസരമൊരുക്കും. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കൃതികളും മൊബൈല്‍ ലൈബ്രറിയിലുണ്ട്. കൂടാതെ വിജ്ഞാനകോശങ്ങള്‍, അറബി ഭാഷാകൃതികള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍, കുടുംബങ്ങള്‍ക്കായുള്ള പുസ്തകങ്ങള്‍, സാഹിത്യം, ചരിത്രം തുടങ്ങിയ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ ഷാര്‍ജ മൊബൈല്‍ ലൈബ്രറി ജനങ്ങളിലേയ്ക്ക് എത്തിക്കും.