Tag: Lion
മൃഗരാജന് ഇടമില്ലാതെ ഗിര്‍ വനം
ഏഷ്യയിലെ സിംഹങ്ങളുടെ അഭയകേന്ദ്രമായ ഗിര്‍ വനത്തില്‍ കാട്ടിലെ രാജാവിന് താമസിക്കാന്‍ ഇടമില്ല.സമീപവനങ്ങളിലേക്ക് പാലായനം ചെയ്യുന്ന സിംഹങ്ങള്‍ എത്തുന്നത് മരണക്കെണിയിലേക്കും. 92 എന്ന ശരാശരി കണക്കിലാണ് വര്‍ഷത്തില്‍ സിംഹങ്ങള്‍ കുറയുന്നതെന്ന് ഗുജറാത്ത് വനമന്ത്രി ഗണപത് വാസവ നിയമസഭയില്‍ അറിയിച്ചു. സിംഹങ്ങള്‍ മരണത്തില്‍ മൂന്നിലൊന്ന് മരണവും അസ്വഭാവിക മരണമാണ്. എണ്ണത്തിലെ വര്‍ധനമൂലം സമീപ വനമേഖലകളിലേക്ക് കുടിയേറുന്ന സിംഹങ്ങളുടെ സൈ്വരവിഹാരത്തിന് അഞ്ചു സംസ്ഥാനപാതകളും റെയില്‍പ്പാളങ്ങളും തടസ്സം സൃഷ്ടിക്കുന്നു. തുറമുഖങ്ങളും സിമന്റ് നിര്‍മാണശാലകളും ചുണ്ണാമ്പുകല്ലുഖനികളും സംരക്ഷിതവനമേഖലയുടെ അതിര്‍ത്തിപ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു. തുര്‍ക്കി മുതല്‍ ഇന്ത്യ വരെ കാണപ്പെട്ടിരുന്ന ഏഷ്യന്‍ സിംഹം, ഇന്ന് അവശേഷിക്കുന്നത് ഗിര്‍ വനത്തില്‍ മാത്രമാണ്. 1882 ചതുരശ്ര കിലോമീറ്ററുള്ള ഗിര്‍ ദേശീയോദ്യാനത്തിന് ഉള്‍ക്കൊള്ളാനാകുന്നത് പരമാവധി 300 സിംഹങ്ങളെയാണ്. ഏറ്റവുംപുതിയ കണക്കുപ്രകാരം സിംഹങ്ങളുടെ എണ്ണം അഞ്ഞൂറിലധികവും.