Tag: Kumali
മംഗളാദേവീ ക്ഷേത്രത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം
മംഗളാദേവീ ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി ഉത്സവത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റഡില്‍ പൊതുവേദിക്ക് സമീപത്തു നിന്നാണ് മംഗളാദേവിയിലേക്കുള്ള ജീപ്പുകള്‍ പുറപ്പെടുന്നത്. രാവിലെ ആറു മുതല്‍ പുറപ്പെടുന്ന ജീപ്പുകളില്‍ കയറുന്നതിന് ക്യൂ നില്ക്കാന് ബാരിക്കേടുകള്‍ കെട്ടി ഉണ്ടാക്കിയിട്ടുണ്ട്. അമലാംബിക റോഡ് വഴി വനത്തില്‍ പ്രവേശിക്കുന്ന ജീപ്പില്‍ നിന്ന് വനം വകുപ്പ് പ്ലാസ്റ്റിക്ക് നീക്കം ചെയ്യും. അവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ കൊക്കര വനം വകുപ്പ് സ്റ്റേഷനുസമീപം ഭക്തര്‍ ജീപ്പില്‍നിന്നിറങ്ങി പോലീസിന്റെ ദേഹ പരിശോധനയ്ക്ക് വിധേയമാകണം. ഇവിടെ അഗ്നിശമന സേനയും ഉണ്ടാകും. അവിടെനിന്ന് കരടിക്കവല വഴി മംഗളാദേവിയിലെത്തുന്ന ഭക്തര്‍ പോലീസ് പരിശോധനയ്ക്ക് ശേഷം ക്ഷേത്രത്തിലേക്ക് പോകാം.
തേക്കടിയില്‍ പുതിയ ബസുകളും നവീകരിച്ച പാര്‍ക്കിങ് ഗ്രൗണ്ടും വരുന്നു
തേക്കടിയിലെ വാഹന പാര്‍ക്കിങ് ഗ്രൗണ്ടില്‍ നവീകരണ ജോലികള്‍ ആരംഭിച്ചു. തേക്കടി ആനവച്ചാലില് വനംവകുപ്പ് നിര്‍മിക്കുന്ന നവീകരിച്ച വാഹന പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മാണോദ്ഘാടനവും വനംവകുപ്പ് തേക്കടിയിലേക്ക് സര്‍വീസ് നടത്തുവാന്‍ വാങ്ങിയ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫും ചൊവ്വാഴ്ച വനംവകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചേരുന്ന യോഗത്തില്‍ പീരുമേട് എം.എല്‍.എ. ഇ.എസ്.ബിജിമോള്‍ അധ്യക്ഷയാകും. ഒരുകോടി രുപ ചെലവാക്കിയാണ് അഞ്ചു ബസുകള്‍ വനംവകുപ്പ് വാങ്ങിയത്. ചെന്നൈയിലെ ഹരിത ട്രൈബ്യൂണലില്‍ നടന്നുവന്ന തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വാഹന പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണമാണ് ചൊവ്വാഴ്ച പുനരാരംഭിക്കുന്നത് . കേരളം പാര്‍ക്കിങ് സ്ഥലം നിര്‍മിക്കുന്ന ആനവച്ചാല്‍ പ്രദേശം തമിഴ്നാടിന്റെ മുല്ലപ്പെരിയാര്‍ പാട്ട ഭൂമിയിലാണെന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍, കേരളത്തിന് അനുകൂലമായി വിധി വന്നതിനെ തുടര്‍ന്നാണ് നിര്‍മാണം തുടങ്ങുന്നത്.