Tag: karippor airport
കരിപ്പൂരിൽ അത്യാധുനിക വാർത്താവിനിമയ സംവിധാനം വരുന്നു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനം വരുന്നു. വ്യോമഗതാഗത നിയന്ത്രണത്തിന്റെ പ്രധാന ഘടകമായ ഭൂതല വാര്‍ത്താവിനിമയ സംവിധാന ശാക്തീകരണ ഭാഗമായാണ് കരിപ്പൂരില്‍ ഫ്യൂച്ചറിസ്റ്റിക് ടെലി കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (എഫ്ടിഐ) സ്ഥാപിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളെയും ആധുനിക രീതിയില്‍ ബന്ധിപ്പിച്ച് നിലവിലെ വാര്‍ത്താവിതരണ സംവിധാനത്തെ ശാക്തീകരിക്കുന്ന നവീന സംവിധാനമാണിത്. പൈലറ്റും ട്രാഫിക് കണ്ട്രോളറും തമ്മിലെ വാര്‍ത്താവിനിമയ സംവിധാനത്തിന് സഹായകമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ വാർത്താവിനിമയ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിവിധ സംവിധാനങ്ങൾ പരസ്പരം സഹകരിച്ചും പങ്കുവെച്ചും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും എഫ്ടിഐ സഹായിക്കും. വിവിധ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന എഫ്ടിഐയുടെ നിയന്ത്രണം ഡൽഹിയിലായിരിക്കും. വിമാനത്താവള അതോറിറ്റിയിലെ കമ്യൂണിക്കേഷൻ, നാവിഗേഷൻ, സർവിലൻസ് (സിഎൻഎസ്) വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട പരിശോധനക്കായി സംഘം വിമാനത്താവളം സന്ദർശിച്ച് പ്രാഥമിക പഠനം നടത്തി. ആറ് മാസത്തിനകം കമീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.