Tag: kallarkutty dam
കല്ലാര്‍കുട്ടിയില്‍ ബോട്ടിംങ് ആരംഭിക്കുന്നു
വൈദ്യുതി വകുപ്പിന്റെ ഹെഡല് ടൂറിസം പദ്ധതി കല്ലാര്‍കുട്ടി ഡാമില്‍ ആരംഭിക്കുന്നു. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പെഡല്‍ ബോട്ടുകള്‍ ഡാമില്‍ എത്തി. വരും ദിവസങ്ങളില്‍ സ്പീഡ് ബോട്ടുകളും ഇവിടെ എത്തിക്കുമെന്ന് ഹൈഡല്‍ ടൂറിസം അധികൃതര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിക്ക് നാല് പെഡല്‍ ബോട്ടുകളും ഒരു സ്പീഡ് ബോട്ടുമാണ് അനുവദിച്ചിട്ടുള്ളത്. കല്ലാര്‍കുട്ടി അണക്കെട്ട് ഭാഗത്ത നിന്ന് കൊന്നത്തടി പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മുതിരപ്പുഴ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തായാണ് സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കായി ബോട്ട് ജെട്ടി സ്ഥാപിക്കുന്നത്. ബോട്ട സര്‍വീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നാറില്‍ നിന്ന് കല്ലാര്‍കുട്ടി വഴി ഇടുക്കിയിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. ഡാമിലൂടെ ബോട്ടിങ്ങ് നടത്തുമ്പോള്‍ ആല്‍പ്പാറ, നാടുകാണി, കാറ്റാടിപ്പാറ ഉള്‍പ്പെടെയുള്ള കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ട് സര്‍വീസ് തുടങ്ങുന്നു
കല്ലാര്‍കുട്ടി അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി പെഡല്‍ ബോട്ടുകള്‍ എത്തുന്നു. നാല് പെഡല്‍ ബോട്ടുകളാണ് ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്താന്‍ എത്തിക്കുന്നത്. ഉദ്ഘാടനം ഈ മാസം അവസാനം ഉണ്ടാകും. ആദ്യഘട്ടത്തില്‍ പെഡല്‍ ബോട്ടുകള്‍ എത്തിച്ച് ബോട്ടിങ് ആരംഭിക്കാനാണ് ഹൈഡല്‍ ടൂറിസം അധികൃതരുടെ തീരുമാനം. അടിമാലി-കുമളി ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചാല്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ഇവിടം മാറും. അടിമാലിയില്‍ നിന്ന് കുമളി, തേക്കടി തുടങ്ങിയ വിനോദസഞ്ചാരമേഖലകളിലേക്ക് പോകുന്നവര്‍ക്ക് ഇവിടെ ഇറങ്ങി ബോട്ടിങ് നടത്താന്‍ സാധിക്കും. ബോട്ട് സവാരിക്കുള്ള ബോട്ടുജെട്ടി സൗകര്യങ്ങളും ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ടൂറിസം മേഖലയില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ദിനംപ്രതി കണ്ടെത്തുന്നത് ഹൈഡല്‍ ടൂറിസം വഴിയാണ്. ടൂറിസം സാധ്യത കണക്കിലെടുത്താണ് വൈദ്യുതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അണക്കെട്ടുകളില്‍ ബോട്ടിങ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ചെങ്കുളം, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുണ്ടള എന്നിവിടങ്ങളിലാണ് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ബോട്ടിങ് നടത്തുന്നത്.