Tag: iravikulam national park
ഇരവികുളം നാഷണല്‍ പാര്‍ക്ക് അടച്ചു
വരയാടുകളുടെ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് മാര്‍ച്ച് 31 വരെ അടച്ചു. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനന കാലയളവായതിനാലാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക് തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് വരയാടുകളുടെ ഇണചേരല്‍ കാലഘട്ടം. അത് കഴിഞ്ഞുള്ള ആറുമാസമാണ് ഗര്‍ഭക്കാലം. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ വരയാടുകള്‍ക്ക് വളരെയധികം പരിരക്ഷ ആവശ്യമുണ്ട്. വനം- വന്യജീവി വകുപ്പ് പാര്‍ക്കിലെ വരയാടുകളുടെ എണ്ണത്തില്‍ കുറവു വരാതെ നിലനിര്‍ത്തുന്നുണ്ട്. നിലവില്‍ രാജമലയില്‍ 1000ത്തിലധികം വരയാടുകളുണ്ട്. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലെ തെക്കു ഭാഗത്തുള്ള ഉയര്‍ന്ന കുന്നുകളാണ് (കണ്ണന്‍ ദേവന്‍ മലനിരകള്‍) വരയാടുകള്‍ക്ക് ആവാസകേന്ദ്രമൊരുക്കുന്നത്.