Tag: flights delay
ലഗേജ് പരിശോധനയ്ക്ക് കൂടുതല്‍ സമയം; വിമാനങ്ങള്‍ വൈകി
യാത്രക്കാരുടെ ബാഗേജ് ക്ലിയറന്‍സിന് കൂടുതല്‍ സമയം വേണ്ടിവന്നതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. പരിശോധനയ്ക്ക് ശേഷം യാത്രക്കാര്‍ എത്താന്‍ താമസിച്ചതിനാല്‍ പല വിമാനങ്ങളും വളരെ വൈകിയാണ് സര്‍വീസ് നടത്തിയത്. ബാഗുകളില്‍ പവര്‍ ബാങ്കും ലൈറ്ററുകളും പോലെയുള്ള ‘അപകടവസ്തുക്കള്‍’ ഉണ്ടായിരുന്നതിനാലാണ് യാത്രക്കാര്‍ക്ക് പരിശോധനയ്ക്ക് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ബാഗുകളിലെ വസ്തുക്കള്‍ ഓരോന്നായി പുറത്തെടുത്ത് പരിശോധിക്കേണ്ട അവസ്ഥയുള്ളതിനാലാണ് പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നതെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ അവധിദിവസങ്ങളായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ സാധാരണയിലും 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. പരിശോധനയ്ക്ക് ശേഷം ബാഗുകള്‍ യാത്രക്കാര്‍ക്ക് കൈമാറുന്നതില്‍ താമസം നേരിട്ടത് മൂലം പല സര്‍വീസുകളും മണിക്കൂറുകള്‍ വൈകി. നീണ്ട ബാഗ് പരിശോധന മൂലം യാത്ര വൈകിയവരില്‍ ബിജെപി എംപിയും നടിയുമായ ഹേമമാലിനിയും ഉള്‍പ്പെടുന്നു. ദിവസേന ഒരു ലക്ഷത്തോളം യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നു അതികൃതര്‍ അറിയിച്ചു.