Tag: facebook pages

ഫെയിസ്ബുക്ക് പേജുകള്‍ക്കും പരസ്യങ്ങള്‍ക്കും നിയന്ത്രണം വരും

കേംബ്രിജ് അനലറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പൊതുതിരഞ്ഞെടുപ്പുകളിലെ സോഷ്യല്‍ മീഡിയ സ്വാധീനം നിയന്ത്രിക്കുന്നതിനായി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും പരസ്യ ദാതാക്കള്‍ക്കും വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുകയാണ് കമ്പനി. ഫെയ്‌സ്ബുക്ക് വഴി രാഷ്ട്രീയ പ്രചരണങ്ങളും പരസ്യങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്ന പരസ്യ ദാതാക്കള്‍ അവരുടെ ഐഡന്റിറ്റി വ്യക്തമാക്കണം. പേജുകള്‍ കൈകാര്യം ചെയ്യുന്നവര്‍ അവരുടെ വ്യക്തിത്വവും ആധികാരികതയും തെളിയിക്കണം. അമേരിക്ക, മെക്‌സികോ, ബ്രസീല്‍, ഇന്ത്യ, പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അടുത്ത വര്‍ഷം സുപ്രധാന തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ഈ തിരഞ്ഞെടുപ്പുകളില്‍ അനധികൃത ഇടപെടല്‍ ചെറുക്കുകയും ഗുണകരമായ സംവാദങ്ങളെ പിന്തുണയ്ക്കുകയുമാണ് 2018 ലെ തന്‍റെ ലക്ഷ്യങ്ങളിലൊന്നെന്ന് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പരസ്യങ്ങളുടെ വെരിഫിക്കേഷന്‍ നടപടികള്‍ അമേരിക്കയില്‍ ആരംഭിക്കും. അതേസമയം മെക്‌സിക്കോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മറ്റൊരു സംവിധാനവും പരീക്ഷിക്കുന്നുണ്ട്. താമസിയാതെ ഈ രണ്ട് സംവിധാനങ്ങളും ലോക വ്യാപകമായി കൊണ്ടുവരും.  പേജുകളും പരസ്യ ദാതാക്കളെയും തിരിച്ചറിയുന്നതിനായി ആയിരക്കണക്കിന് ജീവനക്കാരെ കൂടി നിയമിക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.