Tag: European train control system
ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിക്കാന്‍ ഇ ടി സി എസ്-2
ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിക്കാന്‍ യൂറോപ്യന്‍ ട്രെയിന്‍ കണ്ട്രോള് സിസ്റ്റം-2 (ഇ ടി സി എസ്-2) അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ. ഒരേ ദിശയിലേയ്ക്ക് അടുത്തടുത്ത സമയത്ത് പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് ഒരേ സിഗ്നല്‍ ഉപയോഗിക്കാം എന്നതാണ് പുതിയ സംവിധാനത്തിന്റെ ഗുണം. സിഗ്നലുകള്‍ക്കായി കാത്തുകിടക്കേണ്ട സാഹചര്യമുണ്ടാകില്ല. തിരക്കുള്ള റൂട്ടുകളിലാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. രണ്ടു ട്രെയിനുകള്‍ തമ്മില്‍ 500 മീറ്റര്‍ അകലം പാലിച്ച് ഒരേ ട്രാക്കില്‍ ഓടിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്. മുന്നില്‍ പോകുന്ന ട്രെയിന്‍ എത്ര അകലത്തിനാണ് പോകുന്നതെന്ന് ലോക്കോ പൈലറ്റിനു അറിയാന്‍ സാധിക്കും. അതനുസരിച്ച് വേഗം ക്രമീകരിക്കാനാകും. ഇത് അപകടങ്ങള്‍ കുറയ്ക്കും. ഉത്തരേന്ത്യന്‍ റെയില്‍വേയുടെ കൂടുതല്‍ തിരക്കുള്ള മേഖലയില്‍ ആദ്യം പരീക്ഷണം നടത്താനാണ് തീരുമാനം. സിഗ്നലിംഗ് സംവിധാനത്തിലെ പോരായ്മകളും ട്രാക്കിലെ അറ്റകുറ്റപ്പണികളുമാണ് ട്രെയിനുകള്‍ക്ക് കൃത്യസമയം പാലിക്കാന്‍ കഴിയാത്തതിന്റെ കാരണമായി അധികൃതര്‍ പറയുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സമയകൃത്യത പാലിക്കാനുമാണ് ഇടിസിഎസ്-2 റെയില്‍വേ അവതരിപ്പിക്കുന്നത്.