Tag: driving
സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും
സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ ഡ്രൈവര്‍ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു. സൗദിയില്‍ രണ്ടുലക്ഷം ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 10 ലക്ഷം വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ഡിസംബര്‍ ആകുന്നതോടെ നിലവിലുള്ള കൂടുതല്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനാണ് സാധ്യത. വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ വിദേശ ഡ്രൈവര്‍മാരുടെ നിയമനം ഗണ്യമായി കുറഞ്ഞു. വിദേശ റിക്രൂട്ട്മെന്റ് നടക്കുന്നില്ല. ജൂണ്‍ മുതല്‍ വനിതകള്‍ക്ക് മാത്രമായി വനിതാ ടാക്സികളും രംഗത്തെത്തും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്സി സേവനം നല്കുന്ന ഊബര്‍, കരിം തുടങ്ങിയ കമ്പനികള്‍ സ്വദേശി വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
മിന്നല്‍ വേഗക്കാരെ പിടിക്കാന്‍ 162 സ്പീഡ് റഡാറുകള്‍ കൂടി
വാഹനങ്ങളുടെ മരണവേഗം നിയന്ത്രിക്കാൻ പൊലീസ് 162 സ്പീഡ് റഡാറുകൾ കൂടി വാങ്ങുന്നു. കൈത്തോക്കിന്റെ മാതൃകയിലുള്ള സ്പീഡ് റഡാർ വാഹനങ്ങൾക്കുനേരെ പിടിച്ചാൽ നിമിഷങ്ങൾക്കകം വേഗത മനസ്സിലാക്കാനാവും. മൂന്നേകാൽ കോടി രൂപയാണ് ഇതിനായി ആഭ്യന്തരവകുപ്പ് ചെലവഴിക്കുന്നത്. ലേസർ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഉപകരണത്തിന് വാഹനങ്ങളിലും മറ്റും ഘടിപ്പിച്ച ലേസർ ജാമറുകളെയടക്കം പ്രതിരോധിക്കാനാകും. കൂടാതെ മണിക്കൂറിൽ 320 കിലോമീറ്റർ വരെയുള്ള വേഗത കണ്ടെത്താനുമാകും. വാഹനം 200 മീറ്റർ അടുത്തെത്തിയാൽപോലും മൂന്നുസെക്കൻഡുകള് കൊണ്ട് വേഗത അളക്കുന്ന ഉപകരണം ഒരുതവണ ചാർജ് ചെയ്താൽ എട്ടു മണിക്കൂർ തുടർച്ചയായി ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനാവും. ഇതോടൊന്നിച്ച് വേഗത കാണിക്കുന്ന പ്രിൻൗട്ട് ലഭിക്കാനും സംവിധാനമുണ്ടാകും. റഡാറിന് തൊട്ടടുത്ത് വാഹനത്തിൽ സ്ഥാപിച്ച അനുബന്ധ യൂനിറ്റിലേക്ക് വിവരങ്ങൾ ബ്ലൂടൂത്ത് വഴിയാണ് എത്തുക. തിയ്യതി, സമയം, വാഹനത്തിന്റെ വേഗത, അനുവദനീയമായ വേഗത, നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് മെഷീനിൽ നിന്ന് പ്രിന്റ് ചെയ്തുവരിക. ഇതിൽ ഒഴിച്ചിട്ട ഭാഗത്ത് വാഹനത്തിലെ ഡ്രൈവറെക്കൊണ്ട് ഒപ്പുവെപ്പിച്ചശേഷം പിന്നീട് പിഴ അടപ്പിക്കുകയാണ് ചെയ്യുക.