Tag: Anthakaranazhi

വൈകുന്നേരങ്ങള്‍ മനോഹരമാക്കാന്‍ ചെമ്പകശ്ശേരിയില്‍ പാര്‍ക്കൊരുങ്ങുന്നു

നാലുമണി കാറ്റേറ്റു വിശ്രമിക്കാന്‍ ചെമ്പകശ്ശേരി പാടത്ത് പാര്‍ക്ക് ഒരുങ്ങുന്നു. അഗ്രോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടണക്കാട് പഞ്ചായത്ത് ചെമ്പകേശ്ശേരിയില്‍ പാര്‍ക്ക് ഒരുക്കുന്നത്. കടലിനോട് അടുത്തു കിടക്കുന്ന പാടശേഖരമായതിനാല്‍ ഏറ്റവും കൂടുതല്‍ കാറ്റു ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. നിലവില്‍ വൈകീട്ടു നാലുമുതല്‍ ആറുവരെയുള്ള സമയത്ത് പാട വരമ്പില്‍ ധാരാളം ആളുകള്‍ കാറ്റേറ്റു വിശ്രമിക്കാനെത്തുന്നത്. ഇത് തിരിച്ചറിഞ്ഞപ്പോഴാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. പത്മാക്ഷിക്കവല- അന്ധകാരനാഴി റോഡില്‍ 60 മീറ്റര്‍ നീളത്തിലാണ് പാര്‍ക്ക് തയ്യാറാകുന്നത്. വൈകുന്നേരങ്ങളില്‍ വരുന്നവര്‍ക്ക് ഇരിക്കാന്‍ ചാരുബഞ്ചും, പൂന്തോട്ടവും ഒപ്പം പാര്‍ക്കിന്റെ സംരക്ഷണത്തിനും തോട്ടത്തിന്റെ പരിപാലനത്തിനുമായി 10 പേരടങ്ങുന്ന സമിതിയെ നിയോഗിക്കും. പദ്ധതിയെ സ്വാഗതം ചെയ്ത് ജനങ്ങള്‍ ജില്ലയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അന്ധകാരനഴി ബീച്ച്. എന്നാല്‍, ഇവിടെത്തുന്നവര്‍ക്ക് നിലവില്‍ ഇരിക്കാനോ വിശ്രമിക്കാനോ യാതൊരു സൗകര്യവുമില്ല. വൃത്തിഹീനനായ അന്തരീക്ഷവുമാണ്. ചെമ്പകശ്ശേരിയില്‍ വിശ്രമിക്കാനൊരിടം കിട്ടിയാല്‍ അത് സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രദേശവാസികളും കച്ചവടക്കാരും പറയുന്നത്.