Tag: സൗദി അറേബ്യ
സൗദി വിനോദസഞ്ചാര മേഖല; ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നു
വിനോദ സഞ്ചാര മേഖലയില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തൊഴില്‍ മന്ത്രാലയവും മാനവശേഷി വികസന നിധിയും സ്വകാര്യ മേഖലാ പങ്കാളികളുമായും സഹകരിച്ചു തയ്യാറാക്കിവരികയാണ്. നിലവില്‍ വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവല്‍ക്കരണം 22.9 ശതമാനമാണ്. 2020 ഓടെ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം 23.2 ശതമാനമായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ നിലവിലെ വളര്‍ച്ച കണക്കിലെടുത്താല്‍ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിനോദ സഞ്ചാര മേഖലയില്‍ ഗൈഡ് ആയി ജോലിചെയ്യാന്‍ നിരവധി സ്വദേശികള്‍ മുന്നോട്ടുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 46 പേര്‍ക്കാണ് ഇതിനുള്ള ലൈസന്‍സ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അനുവദിച്ചതിനേക്കാള്‍ 8 ശതമാനം കൂടുതല്‍ ലൈസന്‍സ് ആണ് ഈ വര്‍ഷം അനുവദിച്ചത്.
സൗദി നഗരങ്ങളെ ബന്ധിപ്പിച്ച് ഹെലികോപ്റ്റര്‍ സേവനം വരുന്നു
സൗദി അറേബ്യയില്‍ നഗരങ്ങളെ ബന്ധിപ്പിച്ച് ഹെലികോപ്റ്റര്‍ സേവനം വരുന്നു.പദ്ധതിക്കായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴില്‍ പുതിയ കമ്പനി സ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഉള്‍പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ഹെലികോപ്റ്ററുകളുടെ സേവനം ലഭ്യമാക്കും. മികച്ച സേവനവും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാവും ഹെലികോപ്റ്റര്‍ സേവനം. വിഷന്‍2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിന് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപം നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ധനമന്ത്രാലയം സ്ഥാപിച്ച പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഏറ്റവും പുതിയ പദ്ധതിയാണിത്. ആഡംബര വിനോദ സഞ്ചാരം, വ്യോമ ഗതാഗത സേവനങ്ങള്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് രാജ്യത്തുളളത്. ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. 56.5 കോടി റിയാല്‍ നിക്ഷേപിച്ചാണ് പുതിയ കമ്പനി രൂപീകരിച്ചത്. വിനോദ സഞ്ചാരത്തിനും ഹെലികോപ്റ്റര്‍ സേവനം പ്രയോജനപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.