Tag: സഹകാരി ബോട്ട്
കുമരകത്ത് ശിക്കാരി ബോട്ടിറക്കി സഹകരണ വകുപ്പ്
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കുമരകം വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ശിക്കാരി ബോട്ട് സര്‍വീസ് ടൂറിസം രംഗത്ത് മാതൃകയാകുന്നു. ശിക്കാരി ബോട്ടുകളില്‍ ഏറ്റവും വലുപ്പമുള്ള ബോട്ടിന് ‘സഹകാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് കുമരകത്തുനിന്നാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യബോട്ടുകള്‍ മണിക്കൂറിന് 1000 രൂപവരെ ചാര്‍ജ് ഈടാക്കുമ്പോള്‍ സഹകാരി ബോട്ട് 700 രൂപയാണ് വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കുന്നത്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെയാണ് സഹകാരി സര്‍വീസ് നടത്തുന്നത്. പാതിരാമണല്‍, ആര് ബ്ലോക്ക്, തണ്ണീര്‍മുക്കം ബണ്ട്, ആലപ്പുഴ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. ഒരു ഡ്രൈവറും സഹായിയുമാണ് ബോട്ടിലുള്ളത്. വിനോദസഞ്ചാരവികസനവും തൊഴില്‍ ലഭ്യതയും ലക്ഷ്യംവെച്ചാണ് ബാങ്ക് ഇത്തരമൊരു സംരംഭത്തിന് തുടക്കംകുറിച്ചത്. സഹകരണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപയും സഹകരണ ബാങ്കിന്റെ 7.78 ലക്ഷം രൂപയും ചെലവഴിച്ചാണ് ബോട്ട് സര്‍വീസ് ആരംഭിച്ചത്.