Tag: വനമേഖല

മൂന്നാര്‍-മറയൂര്‍ വനമേഖല ശുദ്ധീകരിക്കാന്‍ മൈ വേസ്റ്റ് പദ്ധതി

മൂന്നാര്‍-മറയൂര്‍ സംസ്ഥാന പാതയ്ക്കിരുവശവുള്ള വനമേഖല ശുദ്ധീകരിക്കുന്നതിനായി മൈ വേസ്റ്റ് പദ്ധതിതുടങ്ങി. മൂന്നാര്‍ വനംവകുപ്പും ബയോഡൈവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് കണ്‍സെര്‍വേഷന്‍ സംഘടനയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാര്‍ ഡി.എഫ്.ഒ. എസ്.നരേന്ദ്രബാബു, മൂന്നാര്‍ റെയ്ഞ്ച് ഓഫീസര്‍ ശുചീന്ദ്രനാഥ്, സംഘടന പ്രസിഡന്റ് ശെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതിലധികം വരുന്നവരാണ് ശുചീകരണ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളത്. സംസ്ഥാന പാതയില്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് മുതല്‍ ലക്കം വെള്ളച്ചാട്ടം വരെയുള്ള വനമേഖലയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുകയും വീണ്ടും മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുവാനുള്ള നടപടികളും ബോധവത്കരണ പരിപാടികളും ഉള്‍പ്പെട്ടതാണ് പദ്ധതി. സംസ്ഥാന പാതയിലെ എട്ടാംമൈലില്‍ രണ്ട് ലോഡ് മാലിന്യവസ്തുക്കളും മദ്യക്കുപ്പികളും സംഘം ശേഖരിച്ചുമാറ്റി. വനമേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ചില ഭാഗങ്ങളില്‍ വേലികള്‍ സ്ഥാപിച്ചു. ഈ മേഖലയിലുള്ള അനധികൃത വ്യാപാര സ്ഥാപനങ്ങള്‍ മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മൂന്നാര്‍ ഡി.എഫ്.ഒ. എസ്.നരേന്ദ്രബാബു അറിയിച്ചു. തുടര്‍ച്ചയായ ശുദ്ധീകരണവും നിരീക്ഷണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.