Tag: രാത്രിയാത്രാ
രാത്രിയാത്ര നിരോധനം; കര്‍ണാടകയുടെ പിന്തുണ തേടി കേന്ദ്രം
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തിന് കത്ത് നല്‍കി. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്.മാലിക്കാണ് കത്ത് നല്‍കിയത്. അടിയന്തിരമായി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ജൂലായ് 21 ന് അയച്ച കത്തില്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് നാളുകളായി ഇതേ ആവശ്യം കേരളം ആവര്‍ത്തിച്ച് വരികയാണ്. കേന്ദ്ര ഉപരിതല വകുപ്പുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് പുതിയ കത്ത് നല്‍കിയിരിക്കുന്നത്. ദേശീയപാത 212-ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളില്‍ എട്ടടി ഉയരത്തില്‍ കമ്പിവലകെട്ടാമെന്നുമാണ് ഉപരിതല ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ഇതിന് ചിലവ് വരുന്ന 46000 കോടി രൂപ കേരളവും കര്‍ണാടകവും വഹിക്കണമെന്നും നിര്‍ദേശിക്കുന്നു. ഓഗസ്റ്റ് എട്ടിന് സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണനക്ക് വരുന്നുണ്ട്.