Tag: ബിഗോണിയ

ആസ്വാദക മനം നിറച്ച് മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ ഉദ്യാനം

മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ ഉദ്യാനം വസന്തോത്സവത്തില്‍ നിറക്കാഴ്ചയാകുന്നു. പുഷ്പമേള കാണാനെത്തുന്ന ആസ്വാദകര്‍ക്ക് കാഴ്ചാ വിരുന്നൊരുക്കുന്ന പുഷ്പങ്ങളും സസ്യങ്ങളും ഇലച്ചെടികളുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. നാല്‍പ്പത്തിയഞ്ചോളം ഇനത്തില്‍പെട്ട 1300 ഓളം സസ്യങ്ങളും പുഷ്പങ്ങളുമാണ് വസന്ത വിസ്മയം തീര്‍ക്കുന്നത്. അഗലോനിമ, ബിഗോണിയ, ക്രോട്ടണ്‍, പോയിന്‍സ്റ്റിയ തുടങ്ങിയ ഇലച്ചെടികളും ആസ്റ്റര്‍, മേരിഗോള്‍ഡ്, സീനിയ തുടങ്ങിയ പൂച്ചെടികളും ദീര്‍ഘകാലം നില്‍ക്കുന്ന പുഷ്പങ്ങളായ ബൊഗൈന്‍ വില്ല, കാനാ, യൂഫോര്‍ബിയ, തുടങ്ങി വൈവിദ്യമായ ഒട്ടനേകം സസ്യങ്ങളെയും കാണികള്‍ക്ക് പരിചയപ്പെടാന്‍ സാധിക്കും. ഇവ കൂടാതെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായ റോസാ പുഷ്പങ്ങളുടെ വൈവിധ്യമായ പ്രദര്‍ശനവും ഗാര്‍ഡന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗം സൂപ്രണ്ട് രാജഗോപാലിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം ജീവനക്കാരാണ് പുഷ്പ പരിപാലനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.