Tag: പുഷ്പമേള

ഊട്ടി പുഷ്പമേള; ഇതിനോടകം സന്ദര്‍ശിച്ചത് മൂന്ന് ലക്ഷത്തോളം പേര്‍

പുഷ്പമേളകാണാന്‍ ഞായറാഴ്ച ഊട്ടിയില്‍ അഭൂതപൂര്‍വമായ തിരക്ക്. സസ്യോദ്യാനം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. നഗരത്തിലെ എല്ലാ റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദൊഡബെട്ട റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വര്‍ഷത്തില്‍ ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ ഊട്ടിയിലെത്തുന്ന ദിവസമാണ് പുഷ്പമേള നടക്കുന്ന ഞായറാഴ്ച. ഇത്തവണ ഒരുലക്ഷത്തോളം പേര്‍ പുഷ്പമേള കാണാനെത്തിയതായി പ്രാഥമിക കണക്കുകള്‍ പറയുന്നു. കഴിഞ്ഞ മൂന്നുദിവസത്തില്‍ രണ്ടുലക്ഷത്തോളം പേര്‍ ഊട്ടി സസ്യോദ്യാനം സന്ദര്‍ശിച്ചു. ബസ്സുകളിലെത്തിയ സഞ്ചാരികള്‍ നഗരത്തിന് പുറത്ത് വാഹനം പാര്‍ക്കു ചെയ്ത് സര്‍ക്യൂട്ട് ബസ്സില്‍ സസ്യോദ്യാനത്തില്‍ എത്തുകയായിരുന്നു. ചൊവ്വാഴ്ച പുഷ്പമേള സമാപിക്കും.

കനകക്കുന്നില്‍ വസന്തോത്സവം ജനുവരി 11 മുതല്‍ 20 വരെ

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയായ വസന്തോത്സവം 2019 ജനുവരി 11 മുതല്‍ 20 വരെ സംഘടിപ്പിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, വി.എസ് സുനില്‍കുമാറും പങ്കെടുത്ത യോഗമാണ് വസന്തോത്സവം കൂടുതല്‍ ആകര്‍ഷണീയമായി കനകക്കുന്നില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം കാണുന്നതിന് ഒന്നര ലക്ഷത്തോളം ആളുകളെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് പണച്ചെലവില്ലാതെ സംഘടിപ്പിച്ച മേളയെന്ന രീതിയില്‍ പ്രശംസ പിടിച്ചുപറ്റിയതാണ് വസന്തോത്സവം. കഴിഞ്ഞ വസന്തോത്സവത്തില്‍ 12 ലക്ഷത്തോളം രൂപ നീക്കിയിരുപ്പുമുണ്ടായി. സ്പോണ്‍സര്‍ഷിപ്പും ടിക്കറ്റ് വില്‍പ്പനയും വഴിയാണ് വസന്തോത്സവം സംഘടിപ്പിക്കുന്നതിന് പണം കണ്ടെത്തിയിരുന്നത്. അതിനാല്‍ മറ്റ് മേളകള്‍ക്ക് സര്‍ക്കാര്‍ പ്രളയ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വസന്തോത്സവത്തിന് തടസമാകില്ല.