Tag: നെടുമ്പാശേരി
കൈലാസ യാത്ര: കുടുങ്ങിയ 1225 തീര്‍ഥാടകര്‍ മടങ്ങുന്നു
കൈലാസ തീര്‍ഥാടനം കഴിഞ്ഞുമടങ്ങവേ, പ്രതികൂല കാലാവസ്ഥയില്‍പ്പെട്ടു പലയിടത്തായി കുടുങ്ങിയ 1225 ലധികം തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനം നടന്ന നാലു ദിവസങ്ങളിലായി സിമിക്കോട്ടില്‍ നിന്നു സുരക്ഷിതമായ നേപ്പാള്‍ ഗഞ്ചിലെത്തിയവരാണ് കഠ്മണ്ഡു, ലക്നൗ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലേക്കു മടങ്ങുന്നത്. സിമിക്കോട്ടിലും ഹില്‍സയിലുമായി കുടുങ്ങിയ മലയാളികള്‍ കഠ്മണ്ഡുവിലെത്തിയതായി വിവരം ലഭിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് വിവേകാനന്ദ ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ സി.നരേന്ദ്രന് അറിയിച്ചു. കഠ്മണ്ഡുവില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം സംഘം ഒന്പതിനു രാവിലെ നെടുമ്പാശേരിയിലെത്തും. വിവിധ ജില്ലകളില്‍നിന്നുള്ള 38 പേരാണ് സംഘത്തിലുള്ളത്. കൈലാസ വഴിയില്‍ തീര്‍ഥാടകരില്‍ പലരും ഇപ്പോഴുമുണ്ടെങ്കിലും അപകടനിലയില്‍ കുടുങ്ങിയവര്‍ ആരും തന്നെയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തീര്‍ഥാടകരുടെ യാത്രാ സൗകര്യത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസ് വിട്ടുനല്‍കി. ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, സിക്കിം, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ദുരന്ത പ്രതികരണ സേനയെ നിയോഗിച്ചു. തലസ്ഥാനനഗരിയില്‍ 24 മണിക്കൂര്‍ കണ്ട്രോള് മുറിയും തുറന്നു.