Tag: താമരശ്ശേരി
മുഖം മിനുക്കി താമരശ്ശേരി ചുരം; വളവുകള്‍ക്ക് വീതികൂട്ടല്‍ പുരോഗമിക്കുന്നു
ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടല്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. അഞ്ച് വളവുകളാണ് വീതികൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാരംകൂടിയ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ വീതിയാണ് വര്‍ധിപ്പിച്ചത്. വീതികൂട്ടിയ ഭാഗത്തെ ടാറിങ് നടപടികള്‍ നടക്കുകയാണ്. ഇക്കാര്യം മന്ത്രി ജി സുധാകരന് തന്റെ ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ആറുകോടിയോളമാണ് രണ്ട് വളവുകള്‍ വീതികൂട്ടുന്നതിന് ചിലവ് വരിക. ആറ്, ഏഴ്, എട്ട് എന്നീ വളവുകളാണ് ഇനി വീതികൂട്ടാനുള്ളത്. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ് നടത്താനൊരുങ്ങി കെ എസ് ആര് ടി സി
ഉത്തരകേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിലെ ഒന്‍പത് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് തുടങ്ങാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ബത്തേരി, മാനന്തവാടി, വടകര, താമരശ്ശേരി, കോഴിക്കോട് എന്നീ ഡിപ്പോകളാണ് വിമാനത്താവള സര്‍വീസിനു പരിഗണനയിലുള്ളത്. ഇതിനു മുന്നോടിയായി ഡിപ്പോകള്‍ക്ക് വിമാനത്തിന്റെ സമയക്രമം അറിയിച്ച് കത്തുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സാധ്യതാപഠനം നടത്തിയ ശേഷമാകും സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കണ്ണൂരില്‍നിന്ന് ഒരു സര്‍വീസ് മാത്രമാണുള്ളത്.
താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു
വയനാട്ടിലെ താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു. താത്കാലികമായാണ് ഗതാഗതം പുനരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ചുരത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. നിലവില്‍ 5 ടണ്‍ ഭാരമുള്ളതും ആറു ചക്രങ്ങളോ അതില്‍ കുറവുള്ളതോ ആയ ചരക്കുവാഹനങ്ങള്‍ക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ടൂറിസ്റ്റ് ബസുകള്‍ക്കും നിരോധനമുണ്ടായിരുന്നു. എന്നാല്‍ ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഗതാഗത തടസം ബാധകമായിരുന്നില്ല. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും ഇതോടൊപ്പം പിന്‍വലിച്ചിട്ടുണ്ട്.