Tag: ഇരുമ്പ് പെട്ടി
ലോക്കോ പൈലറ്റിന് ഇനി ട്രോളി ബാഗ്; മാറ്റത്തിനൊരുങ്ങി റെയില്‍വേ
ലോക്കോ പൈലറ്റുമാരും ഗാര്‍ഡുമാരും ഉപയോഗിച്ചുവരുന്ന ഇരുമ്പുപെട്ടി റെയില്‍വെ ഉപേക്ഷിക്കുന്നു. യാത്രയിലുടനീളം വിവിധകാര്യങ്ങള്‍ രേഖപ്പെടുത്തുന്ന മാനുവല്‍ ബുക്കുകളും ഫ്ളാഗുകളും അടങ്ങിയ ഭാരംകൂടിയ പെട്ടിയാണ് ഉപേക്ഷിക്കുന്നത്. പകരം ട്രോളി ബാഗ് ഉപയോഗിക്കാനാണ് തീരുമാനം. കനംകൂടിയ മാനുവല്‍ ബുക്കുകള്‍ക്ക് പകരം ടാബ് ലെറ്റാകും ഇനി ഉപയോഗിക്കുക. ഇരുമ്പുപെട്ടി ഉപയോഗിക്കുന്നതുമൂലം പലപ്പോഴും ട്രെയിന്റെ സമയക്രമത്തെ ബാധിക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് ട്രോളി ബാഗ് പരീക്ഷിക്കുന്നത്. അടുത്തയിടെ ഡല്‍ഹി ഡിവിഷനിലെ 12459 ന്യൂഡല്‍ഹി-അമൃത്സര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പഴയ ഇരുമ്പുപെട്ടി മാറ്റി ട്രോളി ബാഗ് പരീക്ഷിച്ചിരുന്നു. എന്ജിനുസമീപത്തേയ്ക്കും ഗാര്‍ഡിനും ഇരുമ്പുപെട്ടി എത്തിക്കാന്‍ പോര്‍ട്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തീവണ്ടിയുടെ നീക്കത്തെ ഇത് പലപ്പോഴും ബാധിച്ചിരുന്നതായി പറയുന്നു. തീവണ്ടിവരുന്നതിനുമുമ്പ് പ്ലാറ്റ്ഫോമില്‍ പെട്ടി കൊണ്ടുവെയ്ക്കുന്നത് യാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കിയിരുന്നു. പുതിയ തീരുമാനത്തെ റെയില്‍വെ ജീവനക്കാര്‍ സ്വാഗതം ചെയ്തു. പോര്‍ട്ടറുടെ സഹായമില്ലാതെ ട്രോളി ഉപയോഗിക്കാന്‍ കഴിയും. ടാബ് ലെറ്റ് ഉപയോഗിക്കുന്നതിലൂടെ മാനുവല്‍ ബുക്ക് അച്ചടിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നതും നേട്ടമായി ജീവനക്കാര്‍ വിലയിരുത്തുന്നു.