Tag: വ്യോമയാന മേഖല
അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ് അനുവദിച്ച് സൗദി വീണ്ടും ചരിത്രത്തിലേക്ക്
വാഹനമോടിക്കാന്‍ അനുമതിയായതിന് പിന്നാലെ സൗദിയില്‍ വിമാനം പറത്താനും വനിതകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പൈലറ്റാകാന്‍ വനിതകള്‍ക്കും അവസരങ്ങള്‍ തുറന്നതോടെ ആകെ അപേക്ഷ നല്കിയ രണ്ടായിരത്തോളം പേരില്‍ നാനൂറു പേരും സ്ത്രീകളായിരുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് ഇപ്പോള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനം പറത്താന്‍ ലൈസന്‍സ് അനുവദിച്ചിരിക്കയാണ്. വിവിധ തൊഴില്‍ മേഖലകളില്‍ വനിതകള്‍ കൂടുതലായി രംഗത്തു വരുന്ന സൗദിയില്‍ പൈലറ്റ് പട്ടികയിലേക്ക് അഞ്ചു വനിതകള്‍ കൂടി രംഗപ്രവേശനം ചെയ്യുന്നതോടെ വിപ്ലവകരമായ മാറ്റത്തിനായിരിക്കും സൗദി സാക്ഷ്യം വഹിക്കുക. വ്യോമയാന മേഖലയില്‍ സൗദി വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിവും ആത്മവിശ്വാസവും യോഗ്യതയുമുള്ള വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്‍കിയതെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐ.സി.എ.ഒ) പറഞ്ഞു. അടുത്ത കാലത്തായി നിരവധി സൗദി വനിതകള്‍ സിവില്‍ ഏവിയേഷന്‍ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.