Tag: മലമ്പുഴ യക്ഷി
അന്‍പതില്‍ തിളങ്ങി നിത്യഹരിതയായ മലമ്പുഴ യക്ഷി
നിത്യഹരിതയായ യക്ഷി സുന്ദരി അന്‍പതാണ്ടു പിന്നിടുമ്പോള്‍ ശില്പി കാനായി കുഞ്ഞിരാമനും 81 വയസ്സിന്റെ ചെറുപ്പം. ഇന്നലെ അവരുടെ പിറന്നാള്‍ ആഘോഷമായിരുന്നു, മലമ്പുഴയുടെ മനോഹാരിതയില്‍. 50 വയസ്സായ യക്ഷി ശില്പത്തിനും 81 വയസ്സിലേക്കു കടന്ന ശില്പി കാനായി കുഞ്ഞിരാമനും ആശംസകളറിയിക്കാന്‍ മലമ്പുഴ ഉദ്യാനത്തില്‍ ജനം തടിച്ചു കൂടി. കേരള ലളിതകലാ അക്കാദമിയാണു പിറന്നാളുകള്‍ ആഘോഷിച്ചത്. കാനായിയെ ആദരിക്കുന്നതിന്റെ ഭാഗമായി 12 ദിവസം നീളുന്ന ‘യക്ഷിയാനം’ പരിപാടിക്കും യക്ഷി പാര്‍ക്കില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ഡിടിപിസി, ടൂറിസം വകുപ്പ്, ജലവിഭവ വകുപ്പ്, ഒ.വി. വിജയന് സ്മാരക സമിതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്തു. കലാകാരന്മാരും സാംസ്കാരിക സ്ഥാപനങ്ങളും വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ശക്തമായ താക്കീതാണു യക്ഷി ശില്പമെന്നു മന്ത്രി പറഞ്ഞു. 80 വയസ്സിലും മനസ്സുകൊണ്ടു ചെറുപ്പക്കാരനായ കാനായി കനത്ത സദാചാര വേട്ടയാടലുകളെ അതിജീവിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച യക്ഷി ശില്പവും മന്ത്രി അനാച്ഛാദനം ചെയ്തു. എം.ബി. ... Read more
മലമ്പുഴ യക്ഷിക്ക് ഭംഗി കൂട്ടാന്‍ ശില്പി കാനായികുഞ്ഞിരാമനെത്തി
ശില്പചാരുതയില് വിസ്മയമായ പാലക്കാട്ടെ മലമ്പുഴ യക്ഷിക്ക് മോടികൂട്ടാന്‍ ശില്പി കാനായികുഞ്ഞിരാമനെത്തി. അന്‍പത്തിയൊന്നാം വയസിലും നിറംമങ്ങാത്ത യക്ഷിക്ക് നിറയൗവ്വനമേകുകയാണ് ശില്പിയുടെ ദൗത്യം. അരനൂറ്റാണ്ടിനിപ്പുറമുളള മിനുക്കുപണിയിലൂടെ വെങ്കലത്തില്‍ പൊതിഞ്ഞ് യക്ഷിക്ക് ദീര്‍ഘായുസ് നല്‍കാനാണ് കാനായിയുടെ ശ്രമം. ഉടയാടകളുരിഞ്ഞ് പാലക്കാടന്‍ കരിമ്പനയിറങ്ങിയ യക്ഷിയുടെ മനോഹാരിത അരനൂറ്റാണ്ടിനിപ്പുറവും ശില്പി കാനായി കുഞ്ഞിരാമന്റെ മനസിലാണുളളത്. 30 അടി ഉയരമുളള യക്ഷിയുടെ ആയുസ് കൂട്ടാന്‍ വെങ്കലത്തില്‍ പൊതിയുകയാണ് ദൗത്യം. കാലുകള്‍ നീട്ടി മാറിടം ഉയര്‍ത്തി പാതിമയക്കത്തില്‍ നീലാകാശത്തിലേക്ക് കണ്ണുംനട്ട് മുടിയിഴകളില്‍ വിരലോടിക്കാനൊരുങ്ങുന്ന യക്ഷിയെ അന്പത്തിയൊന്നു വര്‍ഷം മുന്‍പാണ് കാനായി സിമന്റില്‍ നിര്‍മിച്ചത്. നഗ്നശില്പത്തിന്റെ പേരില്‍ വിമര്‍ശനങ്ങളും മര്‍ദനവും ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അന്നുംഇന്നും ദുഖമില്ല. എട്ടുമാസം കൊണ്ട് ശില്പത്തിന്റെ മോടികൂട്ടല്‍ പൂര്‍ത്തിയാക്കാനാണ് കാനായിയുടെ തീരുമാനം. വെങ്കലം പൊതിയണമെന്ന കാനായിയുടെ ആഗ്രഹത്തിന് ജലസേചനമന്ത്രി ഉള്‍പ്പെടെയുളളവരുടെ പിന്തുണയുമുണ്ട്. യക്ഷിയെ മാത്രമല്ല ശില്പിയെ നേരിട്ടുകാണാനുമിപ്പോള്‍ മലമ്പുഴ ഉദ്യാനത്തില്‍ ആരാധകരുടെ തിരക്കാണ്.