Tag: മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ്

വെള്ളത്തിനടിയിലുമുണ്ട് ചെടികളുടെ മനോഹര താഴ്‌വര

വെള്ളത്തിനടിയിലുമുണ്ട് മനോഹരമായ ഒരു സസ്യലോകം. കനകക്കുന്നിലെ വസന്തോത്സവവേദിയിൽ ജലത്തിനടിയിലെ ഈ മനോഹാരിത കൺനിറയെ കാണാം. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ് ഒരുക്കിയിരിക്കുന്ന ജലസസ്യ പ്രദർശനത്തിൽ വിദേശത്തും നാട്ടിലുമുള്ള നൂറോളം ചെടികൾ അണിനിരത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പിക്കുന്ന ജലസസ്യമായ കടുകുപച്ചയാണു മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ സ്റ്റാളിലെ മുഖ്യ ആകർഷണം. പലനിറത്തിലും രൂപത്തിലുമുള്ള ഇലച്ചെടികളും ഇവിടെ ധാരാളമുണ്ട്. ജലസസ്യങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് ഇവയുടെ മനോഹര പ്രദർശനം സംഘടിപ്പിക്കാൻ എം.ബി.ജി.ഐ.പി.എസ്. തീരുമാനിച്ചത്. ജലനാഗച്ചെടി, നീർവാഴ, ഷേബ, കാട്ടുണിണർവാഴ, ജലച്ചീര, മാങ്ങാനാറി തുടങ്ങി രൂപത്തിലും പേരിലും കൗതുകമുണർത്തുന്നവയാണ് എല്ലാം. ജലസസ്യങ്ങളിൽ അപൂർവമായ ഇരപിടിയൻ സഞ്ചിച്ചെടിയും പ്രദർശനത്തിനുണ്ട്. എറണാകുളം ജില്ലയിൽ മാത്രം കണ്ടുവരുന്ന കിണർവാഴ, കണ്ണൂരിലെ മാടായിയിൽ മാത്രമുള്ള കൃഷ്ണാമ്പൽ എന്നിവയും സന്ദർശകശ്രദ്ധയാകർഷിക്കുന്നു.