Tag: പ്രധാനമന്ത്രി

രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിമാരുടെ മ്യൂസിയം ഒരുങ്ങുന്നു

ന്യൂഡല്‍ഹിയില്‍ തീന്‍മൂര്‍ത്തി എസ്റ്റേറ്റ് പരിസരത്ത് പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ വിവരിക്കുന്ന മ്യൂസിയം ഒരുങ്ങുന്നു. Pic Courtesy: Twitter ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുന്ന മ്യൂസിയം പ്രധാനമന്ത്രിമാരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഇടമായി മാറുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ വ്യക്തമാക്കി. 271 കോടി രൂപ ചിലവിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. 10,975.36 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന മ്യൂസിയം രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും ജീവിതവും പ്രവര്‍ത്തനവും പ്രതിഫലിപ്പിക്കും. മൂന്ന് നിലകളുള്ള കെട്ടിടമാണ് മ്യൂസിയത്തിനായി പണിയുക. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കും മ്യൂസിയം. Pic Courtesy: Twitter നിലവില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ക്ക് മാത്രമേ മ്യൂസിയം ഉള്ളുവെന്നും എന്നാല്‍ പുതിയ മ്യൂസിയം ഭാവിയില്‍ വരുന്ന പ്രധാനമന്ത്രിമാരെ കൂടെ ഉള്‍കൊള്ളുമെന്നും.മഹേഷ് ശര്‍മ്മ വ്യക്തമാക്കി. ഇവിടെ പ്രധാനമന്തിമാരുപയോഗിച്ച വെറും കുടയും തൊപ്പിയും മാത്രമല്ലെന്നും അവരുടെ ജീവിത സന്ദേശങ്ങള്‍ തന്നെ ഉണ്ടാവുമെന്നും മഹേഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് 500 കോടി അനുവദിച്ച് പ്രധാനമന്ത്രി

പ്രളയകെടുതിയില്‍ വലയുന്ന കേരളത്തിന് 500 കോടി ഇടക്കാല ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.   ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ്‌സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കേരളത്തിലെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കനത്ത മഴ തുടരുന്ന കേരളത്തിലെ പ്രളയബാധിത മേഖലകള്‍ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പുറപ്പെട്ടെങ്കിലും  പ്രതികൂല കാലാവസ്ഥ കാരണം യാത്ര റദ്ദാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുയോജ്യമായതിനെ തുടര്‍ന്ന് വ്യോമയാത്ര വീണ്ടും ആരംഭിച്ചു.