Tag: ചൂളം വിളി
ചൂളംവിളികളുടെ ഗ്രാമം; കോങ്‌തോങ്
ഷില്ലോങിലെ കോങ്‌തോങ് എന്ന ഗ്രാമത്തിനൊരു വലിയ പ്രത്യേകതയുണ്ട്. അവിടെ അവര്‍ക്കായി ഒരു പ്രത്യേക സംസാരരീതിയുണ്ട്. സാധാരണ ഭാഷയ്‌ക്കൊപ്പം അവര്‍ക്കായി മാത്രമൊരു ഭാഷ. വ്യത്യസ്ത ഈണങ്ങളുള്ള ചൂളം വിളിയാണ് ചില സമയങ്ങളില്‍ അവര്‍ ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലൊക്കെ അരുമപ്പേര് വിളിക്കുന്നതുപോലെ അവര്‍ക്കും ഉണ്ട് രണ്ട് പേര്. ഒന്ന് യഥാര്‍ത്ഥ പേര്, മറ്റൊന്ന് ഈ ചൂളംവിളി പേര്. അവര്‍ പരസ്പരം വിളിക്കുന്നത് ഈ പേരാണ്. ആയിരത്തില്‍ താഴെ മാത്രം ആളുകള്‍ താമസിക്കുന്ന ഗ്രാമത്തില്‍ ഓരോരുത്തര്‍ക്കും ഓരോ പേരാണ്. ഒരാള്‍ക്കുള്ള ഈ ട്യൂണ്‍ നെയിം വേറൊരാള്‍ക്കുണ്ടാകില്ല. അയാള്‍ മരിക്കുന്നതോടുകൂടി അയാളുടെ ഈ പേരും ഇല്ലാതാകുന്നു. അവരുടെ യഥാര്‍ത്ഥ പേര് വിളിക്കുന്നത് തന്നെ വളരെ വിരളമാണ്. ആ ഗ്രാമത്തില്‍ ചെന്നുകഴിഞ്ഞാല്‍ മൊത്തത്തിലൊരു സംഗീതമയമാണ്. പ്രകൃതിയില്‍ നിന്നുമാണ് അവര്‍ ഈ പേര് സ്വീകരിക്കുന്നത്. കിളികളുടെ ശബ്ദവും, അരുവിയൊഴുകുന്ന ശബ്ദവുമെല്ലാം ഇവരുടെ പേരുകളായി മാറിയേക്കാം. നാട്ടില്‍ ഒരാളുടെ യഥാര്‍ത്ഥ പേര് മറ്റൊരാള്‍ക്ക് അറിയില്ലെങ്കിലും ഈ ചൂളംവിളിയുടെ താളത്തിലുള്ള പേര് അറിയും.