Tag: കൊച്ചി വിമാനത്താവളം

കൊച്ചിയില്‍ ആഗസ്റ്റ് 29 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 29 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ പുനരാരംഭിക്കും. ഇന്നലെ നടന്ന അവലോകന യോഗത്തിന് ശേഷമാണ് അധികൃതര്‍ ഈ തീരുമാനം അറിയിച്ചത്. നേരത്തെ 26ന് സര്‍വീസ് തുടങ്ങുമെന്നായിരുന്നു അറിയിച്ചത് എന്നാല്‍ മൂന്ന് ദിവസം കൂടി വേണം എയര്‍പോര്‍ട്ട് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ എന്ന് സര്‍ക്കുലറിലൂടെ സിയാല്‍ അറിയിച്ചു. പ്രളയക്കെടുതിയെത്തുടര്‍ന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ വിവിധ ഇടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ വിമാനത്താവളത്തിനുള്ളിലെ ഭക്ഷണശാലകള്‍, ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ എന്നിവ പുനസ്ഥാപിക്കേണ്ടതുണ്ട്. പ്രളയത്തെത്തുടര്‍ന്ന് 15നായിരുന്നു വിമാനത്താവളം അടച്ചത്. റണവേയിലടക്കം വെള്ളം കയറിയതിനാലാണ് പൂര്‍ണമായും വിമാനത്താലവളം അടച്ചിടേണ്ടി വന്നത്. ഇതേ തുടര്‍ന്ന വിമാന സര്‍വീസുകള്‍ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും, കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കും മാറ്റിയിരുന്നു.

തിരുവനന്തപുരത്ത് നിന്ന് ഇന്ന് അധിക 36 വിമാന സര്‍വീസുകള്‍

പ്രളയത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്നും തിരുവനന്തപുരത്ത് നിന്ന് 36 അധിക സര്‍വ്വീസുകള്‍ നടത്തും. 12 ആഭ്യന്തര സര്‍വ്വീസുകളും 24 അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് തിരുവനന്തപുരത്ത് നിന്ന് നടത്തുന്നത്. കൊച്ചി നേവല്‍ ബേസിലെ വിമാനത്താവളത്തില്‍ നിന്ന് പരിമിതമായ അളവില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. 70 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ക്ക് മാത്രമാണ് ഇവിടെ അനുമതി. ബംഗളുരുവിലേക്കും കോയമ്പത്തൂരിലേക്കുമാണ് ഇപ്പോള്‍ ഇവിടെ നിന്ന് സര്‍വ്വീസ് ഉള്ളത്. ഇന്റിഗോ എയര്‍ലൈന്‍സ് കൂടി ഇവിടെ നിന്ന് സര്‍വ്വീസ് നടത്തും. 26 വരെ അടച്ചിട്ടിരിക്കുന്ന കൊച്ചി വിമാനത്താവളത്തില്‍ എന്ന് സര്‍വ്വീസുകള്‍ തുടങ്ങാനാവുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതുവരെ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും അധിക സര്‍വ്വീസുകള്‍ നടത്തും.