Category: News
ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിക്കാന്‍ ഇ ടി സി എസ്-2
ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിക്കാന്‍ യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം-2 (ഇ ടി സി എസ്-2) അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ. ഒരേ ദിശയിലേയ്ക്ക് അടുത്തടുത്ത സമയത്ത് പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് ഒരേ സിഗ്നല്‍ ഉപയോഗിക്കാം എന്നതാണ് പുതിയ സംവിധാനത്തിന്‍റെ ഗുണം. സിഗ്നലുകള്‍ക്കായി കാത്തുകിടക്കേണ്ട സാഹചര്യമുണ്ടാകില്ല. തിരക്കുള്ള റൂട്ടുകളിലാണ് ഇതിന്‍റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. രണ്ടു ട്രെയിനുകള്‍ തമ്മില്‍ 500 മീറ്റര്‍ അകലം പാലിച്ച് ഒരേ ട്രാക്കില്‍ ഓടിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്. മുന്നില്‍ പോകുന്ന ട്രെയിന്‍ എത്ര അകലത്തിനാണ് പോകുന്നതെന്ന് ലോക്കോ പൈലറ്റിനു അറിയാന്‍ സാധിക്കും. അതനുസരിച്ച് വേഗം ക്രമീകരിക്കാനാകും. ഇത് അപകടങ്ങള്‍ കുറയ്ക്കും. ഉത്തരേന്ത്യന്‍ റെയില്‍വേയുടെ കൂടുതല്‍ തിരക്കുള്ള മേഖലയില്‍ ആദ്യം പരീക്ഷണം നടത്താനാണ് തീരുമാനം. സിഗ്നലിംഗ് സംവിധാനത്തിലെ പോരായ്മകളും ട്രാക്കിലെ അറ്റകുറ്റപ്പണികളുമാണ് ട്രെയിനുകള്‍ക്ക് കൃത്യസമയം പാലിക്കാന്‍ കഴിയാത്തതിന്‍റെ കാരണമായി അധികൃതര്‍ പറയുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സമയകൃത്യത പാലിക്കാനുമാണ് ഇടിസിഎസ്-2 റെയില്‍വേ അവതരിപ്പിക്കുന്നത്.
നമ്മ ടൈഗര്‍ വെബ് ടാക്‌സി മേഖല പ്രതീക്ഷയില്‍
കര്‍ണാടകയില്‍ എച്ച്. ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായതോടെ ഗതാഗതവകുപ്പ് ലൈസന്‍സ് റദ്ദാക്കിയ നമ്മ ടൈഗര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതീക്ഷയില്‍. നമ്മ ടൈഗര്‍ വെബ് ടാക്‌സി സര്‍വീസ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പുനരാരംഭിക്കാന്‍ വഴിതെളിയുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വെബ്ടാക്‌സി കമ്പനി ആരംഭിച്ചാല്‍ കുത്തക കമ്പനികളുടെ ചൂഷണം ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ നമ്മ ടൈഗര്‍ വെബ്ടാക്‌സി സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കാബ് സര്‍വീസിനു ലൈസന്‍സില്ല എന്നപേരില്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങിയത്. ഇതോടെ നിരത്തുകളില്‍നിന്നു പിന്‍വാങ്ങിയ ടൈഗര്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ പലരും മറ്റു കമ്പനികളിലേക്കു മാറി. ഓല, ഊബര്‍ വെബ്ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരെ ചൂഷണം ചെയ്യുന്നതു തടയാന്‍കൂടി ലക്ഷ്യമിട്ടാണ് നമ്മ ടൈഗര്‍ ടാക്‌സി ആരംഭിച്ചത്. തിരക്കിനനുസരിച്ചു നിരക്ക് കൂടുന്ന സര്‍ജ് പ്രൈസിങ് സമ്പ്രദായമില്ലാതെ എല്ലാ സമയത്തും ഒരേ നിരക്കാണ് ടൈഗര്‍ ടാക്‌സിയില്‍ ഈടാക്കിയിരുന്നത്. കൂടാതെ ഡ്രൈവര്‍മാര്‍ക്കായി കൂടുതല്‍ ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചിരുന്നു.
മൊബൈലില്‍ ട്രെയിന്‍ ടിക്കറ്റ് എടുത്ത് ചാര്‍ജ് തീര്‍ന്നാലും ടിക്കറ്റ് സുരക്ഷിതം
യുടിഎസ് ഓൺ മൊബൈൽ സംവിധാനത്തിൽ ട്രെയിന്‍ ടിക്കറ്റ് എടുത്തശേഷം മൊബൈൽ ഫോൺ ചാർജ് തീർന്നോ കേടുപറ്റിയോ പ്രവർത്തനരഹിതമായാൽ എടുത്ത ടിക്കറ്റ് സുരക്ഷിതം തന്നെ. ടിക്കറ്റ് പരിശോധകനോട് യാത്രക്കാരൻ തന്‍റെ മൊബൈൽ നമ്പർ പറഞ്ഞുകൊടുത്താൽ മതിയെന്നു ദക്ഷിണ റയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ (പാസഞ്ചർ, മാർക്കറ്റിങ്) ജെ വിനയൻ അറിയിച്ചു. മൊബൈൽ നമ്പർ ഉപയോഗിച്ച് സെർച്ച് ചെയ്താൽ ആ നമ്പറിൽ ടിക്കറ്റെടുത്തിട്ടുണ്ടോയെന്നു പരിശോധിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയും. അവരുടെ മൊബൈലിൽ ഇതിനുള്ള ആപ്ലിക്കേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പിഴ നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
സന്ദര്‍ശന വിസയില്‍ സൗദിയിലെത്തുന്ന വനിതകള്‍ക്കും വാഹനം ഓടിക്കാം
സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയിലെത്തുന്ന വിദേശ വനിതകള്‍ക്ക് ഒരുവര്‍ഷം വരെ വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നല്‍കും. സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിക്കുന്ന അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉടമകള്‍ക്കാണ് വാഹനം ഓടിക്കാന്‍ അനുമതി. അടുത്തമാസം 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി പ്രാബല്യത്തില്‍ വരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ജി സി സി രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലൈസന്‍സ് നേടിയവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ബാധകമാണ്. ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്നുതന്നെ ലൈസന്‍സ് വിതരണം ചെയ്യും. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
നിപ വൈറസ് ടൂറിസത്തെ ബാധിച്ചിട്ടില്ല: സംസ്ഥാന ടൂറിസം അഡ്വൈസറി കമ്മിറ്റി
സംസ്ഥാനത്ത് ഉണ്ടായ നിപാ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലകളേയും ബാധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ടൂറിസം അഡ്വൈസറി കമ്മിറ്റി. എന്നാല്‍ നിലവിലുള്ള ചെറിയ ആശങ്കകള്‍ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. സംസ്ഥാനത്ത് നിപ വൈറസ് ബാധ കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ മാത്രമാണ്. ഇത് ഉണ്ടായ സാഹചര്യത്തില്‍ തന്നെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രത പാലിച്ചതിനാല്‍ വളരെ വേഗത്തില്‍ തന്നെ നിയന്ത്രിക്കാനായതായി യോഗത്തില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വൈറസ് ബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ പോലും നിലവില്‍ ആശങ്കയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി വരുന്ന തെറ്റായ പ്രചരണങ്ങള്‍ ചിലരിലെങ്കിലും ആശങ്കയുണ്ടാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഈ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു. നിപ വൈറസ് ബാധ നിയന്ത്രണവിധേയമായതായും, സംസ്ഥാനത്ത് നിലവില്‍ ആരോഗ്യപരമായി കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അറിയിച്ചു. നിലവിലുള്ള ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ടൂറിസംരംഗത്തുളളവര്‍ മുന്‍കൈയെടുക്കണമെന്നും ടൂറിസം ... Read more
അഞ്ചു ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചിന്‍റെ എണ്ണം കുറച്ചു: പകരം തേഡ് എ സി
കേരളത്തില്‍നിന്നുള്ള രണ്ടു ട്രെയിനുകള്‍ ഉള്‍പ്പെടെ അഞ്ചു ട്രെയിനുകളില്‍ ഓരോ ഓര്‍ഡിനറി സ്ലീപ്പര്‍ കോച്ചിനുപകരം തേര്‍ഡ് എ സി കോച്ചുകള്‍ ഉള്‍പ്പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം-ന്യൂഡല്‍ഹി എക്‌സ്പ്രസ്, കൊച്ചുവേളി-ബിക്കാനീര്‍, എഗ്മോര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ്, എഗ്മോര്‍-ജോധ്പുര്‍ എക്‌സ്പ്രസ്, രാമേശ്വരം-ഓഖ എക്‌സ്പ്രസ് തീവണ്ടികളിലാണ് എ സി കോച്ചുകള്‍ ഉള്‍പ്പെടുത്തുന്നത്. തിരുവനന്തപുരം-ന്യൂഡല്‍ഹി എക്സ്പ്രസില്‍ രണ്ട് സെക്കന്‍ഡ് എ സി കോച്ചുകള്‍, ആറ് തേഡ് എ സി കോച്ചുകള്‍, 11 ഓര്‍ഡിനറി സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് ജനറല്‍ കോച്ചുകള്‍, രണ്ട് ബ്രേക്ക്-കം- ലഗേജ് വാന്‍ എന്നിവയുണ്ടായിരിക്കും. കൊച്ചുവേളി -ബിക്കാനീര്‍ എക്സ്പ്രസില്‍ രണ്ട് സെക്കന്‍ഡ് എ സി കോച്ചുകള്‍, മൂന്ന് തേഡ് എ സി കോച്ചുകള്‍, 10 ഓര്‍ഡിനറി സ്ലീപ്പര്‍ കോച്ചുകള്‍, നാല് ജനറല്‍ കോച്ചുകള്‍, രണ്ട് ബ്രേക്ക്-കം- ലഗേജ് വാന്‍ എന്നിവയാണുണ്ടാവുക.
ചെന്നൈ സെന്‍ട്രല്‍-എയര്‍പോര്‍ട്ട് മെട്രോ പാത തുറന്നു
നഗരത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തുറന്ന് ചെന്നൈ സെന്‍ട്രല്‍ – എയര്‍പോര്‍ട്ട് മെട്രോ പാത പൂര്‍ണമായും തുറന്നു. ഒന്നാം ഇടനാഴിയുടെ അവസാന ഭാഗമായ നെഹ്‌റു പാര്‍ക്ക് – സെന്‍ട്രല്‍ മെട്രോ 2.5 കിലോമീറ്റര്‍ പാത, സെയ്ദാപെട്ട് – ഡിഎംഎസ് 4.35 കിലോമീറ്റര്‍ പാത എന്നിവ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി, കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തമിഴ്‌നാട് സ്പീക്കര്‍ പി.ധനപാല്‍, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, മന്ത്രിമാരായ എം.സി.സമ്പത്ത്, എം.ആര്‍.വിജയഭാസ്‌കര്‍, സെല്ലൂര്‍ രാജു, ഡി.ജയകുമാര്‍, സെന്തില്‍ ബാലാജി, ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ.കുല്‍ശ്രേഷ്ഠ, സിഎംആര്‍എല്‍ എംഡി പങ്കജ് കുമാര്‍ ബന്‍സാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനശേഷം പളനിസാമിയും ഹര്‍ദീപ് സിങ്ങും എഗ്മൂര്‍ സ്റ്റേഷനില്‍നിന്നു സെന്‍ട്രല്‍ സ്റ്റേഷനിലേക്കു മെട്രോയില്‍ യാത്ര ചെയ്തു. രണ്ടാം ഇടനാഴി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതോടെ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കു നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിച്ചു. ... Read more
ഇലക്ട്രിക് ചാർജിങ് പോയിന്‍റ് സ്ഥാപിക്കാന്‍ കേന്ദ്ര സഹായം
ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുന്നതിന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിക്ക് (ബെസ്കോം) കേന്ദ്രസഹായം. 113 ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുന്നതിന് 25 കോടി രൂപയാണ് കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്നു ലഭിക്കുക. ഇതിൽ 83 ചാർജിങ് പോയിന്‍റുകൾ ബെംഗളൂരു നഗരത്തിലും 20 എണ്ണം ബെംഗളൂരു-മൈസൂരു ദേശീയപാതയിലും പത്തെണ്ണം ബെംഗളൂരു-ചെന്നൈ ദേശീയപാതയിലും സ്ഥാപിക്കും. ദേശീയപാതയിൽ 25 കിലോമീറ്റർ ദൂരം ഇടവിട്ടാണു ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുക. ബെംഗളൂരു നഗരത്തിൽ ബെസ്കോം നേരിട്ടു സ്ഥാപിക്കുന്ന 11 ചാർജിങ് പോയിന്‍റുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. കെആർ സർക്കിളിലെ ബെസ്കോം ആസ്ഥാനത്ത് നാലുമാസം മുമ്പ് ചാർജിങ് പോയിന്‍റ് പ്രവർത്തനം ആരംഭിച്ചിരുന്നു.
സ്കൂൾ ബസ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധം: ഡിജിപി
സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കു പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഈ ഡ്രൈവർമാർ മദ്യപിച്ചല്ല വാഹനമോടിക്കുന്നതെന്നും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പുതിയ അധ്യയന വർഷത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനു ഫലപ്രദമായ നടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഈ മാസം 31നകം പിടിഎ പ്രസിഡന്റുമാരുടെയും പ്രധാന അധ്യാപകരുടെയും ഡിഇഒ മാരുടെയും യോഗം സബ് ഡിവിഷൻ തലത്തിൽ വിളിച്ചുകൂട്ടി വേണ്ട നിർദേശങ്ങൾ നൽകണം. യോഗത്തിൽ, സ്കൂളിന് അകത്തും പുറത്തുമുള്ള സുരക്ഷ വർധിപ്പിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കു വിശദമായി ചർച്ച ചെയ്യണം. അതതു സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണം. മറ്റു പ്രധാന നിർദേശങ്ങൾ സ്കൂൾ ബസുകൾ-വാഹനങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷയെ സംബന്ധിച്ച് ഡിപിഐ പുറത്തിറക്കിയ സർക്കുലറിലെയും ഡിജിപി നൽകിയ ഉത്തരവിലെയും നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നു കർശനമായി പരിശോധിക്കണം. എല്ലാ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് ശക്തിപ്പെടുത്തണം. ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സ്കൂളുകളിൽ ഉടന്‍ ആരംഭിക്കണം. ... Read more
ദല്‍ഹി കിഴക്കന്‍ മേഖലയിലെ അതിവേഗ ഇടനാഴി ഇന്ന് തുറക്കും
നഗരക്കുരുക്കഴിക്കുന്ന കിഴക്കന്‍ അതിവേഗ പാത ഇന്നു തുറന്നു നല്‍കും. 11000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നിര്‍വഹിക്കുക. രാജ്യത്തെ ആദ്യ ഹരിത ദേശീയപാത എന്നു വിശേഷിപ്പിക്കുന്ന കിഴക്കന്‍ മേഖല അതിവേഗ ഇടനാഴി വരുന്നതോടെ നഗരത്തിനുള്ളിലെ തിരക്ക് ഏറെ കുറയുമെന്നാണു പ്രതീക്ഷ. കിഴക്കന്‍ മേഖല ഇടനാഴി ഹരിയാനയിലെ സോനിപത്തില്‍ നിന്നു തുടങ്ങി ബാഗ്പത്ത്, ഗാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍ (നോയിഡ) വഴി ഫരീദാബാദിലെ പല്‍വലില്‍ എത്തും. കുണ്ഡ്‌ലി, മനേസര്‍ വഴി പല്‍വലില്‍ എത്തുന്ന, 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പടിഞ്ഞാറന്‍ അതിവേഗ ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 80% പൂര്‍ത്തിയായിട്ടുണ്ട്. 4418 കോടി രൂപ ചെലവിലാണ് ഈ ഇടനാഴി നിര്‍മിക്കുന്നത്. ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് പാതയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഇതിനൊപ്പമാണു ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇടനാഴി ആസൂത്രണം ചെയ്തത്. നിര്‍മാണത്തിനായി 11,000 കോടി രൂപ ചെലവായി. ഭൂമി ... Read more
റെയിൽവെ സ്റ്റേഷനുകള്‍ വഴി സാനിറ്ററി നാപ്കിനും ഗർഭ നിരോധന ഉറകളും
രാജ്യത്തെ റെയിൽവെ സ്റ്റേഷനുകള്‍ വഴി ഇനി സാനിറ്ററി നാപ്കിനും ഗർഭ നിരോധന ഉറകളും ലഭിക്കും. റെയിൽവെ സ്റ്റേഷന്റെ അകത്തും പുറത്തുമുള്ള ശൗചാലയങ്ങളിലൂടെയാണ് ഇവ ലഭിക്കുക. യാത്രക്കാർക്കു മാത്രമല്ല, പരിസര പ്രദേശങ്ങളിലുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് റെയിൽവെ ബോർഡ് അംഗീകാരം നൽകിയ പുതിയ ശൗചാലയ നയത്തിൽ വ്യക്തമാക്കുന്നു. മതിയായ ശുചീകരണ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സ്റ്റേഷനു സമീപത്തെ ചേരികളിലും ഗ്രാമങ്ങളിലുമുള്ള ആളുകൾ തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്തുന്നതു മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായി റെയിൽവെ സ്റ്റേഷന് അകത്തും പുറത്തും പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം ശൗചാലയങ്ങൾ നിർമിക്കും. ഈ ശൗചാലയങ്ങൾ വഴി ആർത്തവ ശുചിത്വത്തെ കുറിച്ചും ഗർഭ നിരോധന ഉപാധിയുടെ ഉപയോഗം സംബന്ധിച്ചും അവബോധം നൽകുന്നതിനും ശൗചാലയ നയത്തിൽ നിർദ്ദേശിക്കുന്നു. ഓരോ ശൗചാലയങ്ങളിലും കുറഞ്ഞ ചിലവിൽ സ്ത്രീകൾക്കുള്ള പാഡുകളും പുരുഷൻമാർക്കായി ഗർഭ നിരോധന ഉറകളും ലഭ്യമാക്കാൻ ചെറിയ കിയോസ്കുകൾ ഒരുക്കും. ഉപയോഗം കഴിഞ്ഞ നാപ്കിനുകൾ നിക്ഷേപിക്കാനുള്ള ഇൻസിനറേറ്ററും ഇവിടെ സ്ഥാപിക്കുമെന്നും നയത്തിൽ വ്യക്തമാക്കുന്നു. കോർപറേറ്റ് ... Read more
ഒമാനില്‍ നാശം വിതച്ച് മെകുനു: സലാല വിമാനത്താവളം അടച്ചു
ഒമാന്‍റെ തെക്കൻ തീരദേശമേഖലയിൽ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ടു പേർ മരിച്ചതായി സൂചന. മരിച്ചവരിൽ ഒരാൾ പന്ത്രണ്ടുവയസുകാരിയായ ഒമാനി ബാലികയാണ്. ബാക്കി അഞ്ചു പേർ യമൻ വംശജരും. 19 പേരെ കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 14 പേര്‍ ഇന്ത്യൻ നാവികരാണെന്ന് ഒമാൻ ഫിഷറീസ് മന്ത്രാലയം റിപോർട്ട് ചെയ്തു. ശക്തമായ കാറ്റിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്‌യൂത്ത്, റഖ്‌യൂത്ത് മേഖലയില്‍ കാറ്റ് പ്രവേശിച്ചതായി അധികൃത കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യം ഏറെ ഭീതിയോടെ കാത്തിരുന്ന കൊടുങ്കാറ്റ് സലാലയിലും വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയാണ് കടന്നുപോയത്. കാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചതിനാല്‍ ആളപായം കുറച്ചു. അതേസമയം, ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ 48 മണിക്കൂര്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ നിരപ്പ് ഉയരുകയും ശക്തമായ തിരമാലയുണ്ടാകുകയും ചെയ്യും. മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ ... Read more
ശംഖുമുഖത്ത് കടല്‍ക്ഷോഭം ശക്തമാകുന്നു: സഞ്ചാരികള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറി. രാവിലെ മുതൽ ശക്തമായ തിരകള്‍ കരയിലേക്ക് അടിച്ചുകയറുകയാണ്. സാധാരണയുള്ളതിനേക്കാള്‍ കടൽ പത്തു മീറ്ററിലധികം കരയിലേക്ക് കയറി. ബീച്ചിലെ നടപ്പാതകളിലേക്ക് വരെ തിരയടിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 30 വരെ ബീച്ചുകളിലേക്കുള്ള ഉല്ലാസ യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലാക്കം വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനത്തിന് നിരോധനം
ഇരവികുളം ദേശീയ ഉദ്യാനത്തിലെ വരയാടുകളുടെ സെന്‍സസുമായി ബന്ധപ്പെട്ട് പാമ്പാറ്റിലെ ലാക്കം വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ 29 വരെയാണ് നിരോധനം. ആഴ്ചയുടെ അവാസന ദിവസങ്ങളില്‍ രണ്ടായിരത്തി അഞ്ഞൂറോളം സഞ്ചാരികളാണ് വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള വെള്ളച്ചാട്ടം ആസ്വദിക്കാന്‍ എത്തുന്നത്. എന്നാല്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷമി അറിയിച്ചു.
എച്ച്–4 വിസയിൽ ജോലി നിയന്ത്രണം: ചട്ടം അന്തിമഘട്ടത്തിലെന്ന് യുഎസ്
എച്ച്-1-ബി വിസയുള്ളവരുടെ പങ്കാളികൾക്കുള്ള എച്ച്– 4 വിസയിൽ ജോലി ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്ന് അമേരിക്ക. എച്ച്– 4 വിസയുള്ളവരിലെ ചില വിഭാഗക്കാർക്കാണ് ജോലി നിയന്ത്രണം ഏർപ്പെടുത്തുന്നത്. അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം (ഡിഎച്ച്എസ്) യുഎസ് ഫെഡറൽ കോടതിയെ അറിയിച്ചു. ഡിഎച്ച്എസ് വിഭാഗത്തിന്‍റെ ക്ലിയറൻസ് കിട്ടിയാൽ ഓഫിസ് ഓഫ് മാനേജ്മെന്‍റ് ആൻഡ് ബജറ്റിലേക്ക് അയയ്ക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. യുഎസിൽ എച്ച്–1-ബി വിസയിൽ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ ഭാര്യയ്ക്കോ ഭർത്താവിനോ അവിടെ ജോലി ചെയ്യാൻ പെർമിറ്റ് ലഭിക്കുന്നത് എച്ച്4 വിസയിലാണ്. 70,000 പേരാണ് എച്ച്–4 വിസ പ്രകാരം വർക്ക് പെർമിറ്റ് നേടി അവിടെ ഇപ്പോൾ തൊഴിലെടുക്കുന്നത്. ഒബാമ സർക്കാരിന്‍റെ ഭരണകാലത്ത് ഏർപ്പെടുത്തിയ ഈ സംവിധാനം നിർത്തലാക്കാനാണ് ഇപ്പോഴത്തെ ഭരണകൂടത്തിന്‍റെ നീക്കം. ഇതിനെതിരെ യുഎസ് കോൺഗ്രസിലെ 130 അംഗങ്ങൾ സർക്കാരിനു നിവേദനം നൽകിയിട്ടുണ്ട്.