Category: Top Stories Malayalam

ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം പ്രഖ്യാപിച്ചു: ഫഹദ് നടന്‍, മഞ്ജുവാര്യര്‍ നടി

നാല്‍പ്പത്തി ഒന്നാമത് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം നേടി. ജയരാജാണ് സംവിധായകന്‍. ഫഹദ് ഫാസിലാണ് മികച്ച നടന്‍. മഞ്ജുവാര്യരാണ് മികച്ച നടി. സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്നം പുരസ്ക്കാരത്തിന് സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അര്‍ഹനായി. അഭിനയത്തികവിനുള്ള ക്രിട്ടിക്സ് റൂബി ജൂബിലി പുരസ്ക്കാരം നടന്‍ ഇന്ദ്രന്‍സിനാണ്. ചലച്ചിത്രപ്രതിഭാ പുരസ്ക്കാരത്തിന് സംവിധായകന്‍ ബാലു കിരിയത്ത് നടന്‍ ദേവന്‍ എന്നിവര്‍ അര്‍ഹരായി. തൊണ്ടിമുതലിനു തിരക്കഥ ഒരുക്കിയ സജീവ്‌ പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച ചിത്രത്തിന്‍റെ സംവിധായകന്‍ ദിലീഷ് പോത്തനാണ്. മികച്ച രണ്ടാമത്തെ ചിത്രം ആളൊരുക്കവും നടന്‍ ടോവിനോ തോമസും നടി ഐശ്വര്യ ലക്ഷ്മിയുമാണ്. മികച്ച ഗായികയ്ക്കുള്ള പുരസ്ക്കാരം ജ്യോല്‍സ്നയും ഗായകനുള്ള പുരസ്ക്കാരം കല്ലറ ഗോപനും നേടി. ഇത്തവണ 48 ചിത്രങ്ങളാണ് ക്രിട്ടിക്സ് പുരസ്ക്കാരത്തിന്‍റെ പരിഗണനയ്ക്കു വന്നത്.

വിനോദസഞ്ചാരികള്‍ക്കു വേണ്ടി വൗസ്റ്റേ ആപ്പ്

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും താമസ സൗകര്യവും കണ്ടെത്താന്‍ വൗസ്റ്റേ ആപ്പ്. വൗ സ്റ്റേ സ്‌പെഷ്യാലിറ്റി സ്റ്റേയ്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ആപ്പ് പുറത്തിറക്കിയത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡയറക്ട് പബ്ലിഷേഴ്‌സിന്റെ സഹ സ്ഥാപനമാണ് വൗ സ്റ്റേ സ്‌പെഷ്യാലിറ്റി സ്റ്റേയ്‌സ്. ബജറ്റ്, കംഫര്‍ട്, പ്രീമിയം, ആഡംബര ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാനും റിസോര്‍ട്, ഹോം സ്റ്റേ എന്നിവ സഞ്ചാരികളുടെ സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനവും വൗസ്റ്റേ ആപ്പിലുണ്ട്. കേരളത്തിലെ 650 ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റിയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. ഈ സ്ഥലങ്ങളെല്ലാം ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിച്ചിട്ടണ്ട്. ജില്ലാ അടിസ്ഥാനത്തില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിശദാംശങ്ങളും അപ്പിള്‍ ലഭിക്കും. വൗസ്റ്റേ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഡീസല്‍ വില റെക്കോഡിലേയ്ക്ക്

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തിലെത്തി. പെട്രോള്‍ വിലയില്‍ ഒരു പൈസയും ഡീസല്‍ വിലയില്‍ നാലുപൈസയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08രൂപയായി. കൊല്‍ക്കത്തയില്‍ പെട്രോളിന് 76.78 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് വില. ഡല്‍ഹിയില്‍ 65.31 രൂപയാണ് ഡീസലിന്‍റെ വില. കൊല്‍ക്കത്തയില്‍ 68.01 രൂപയും മുംബൈയില്‍ 69.54ഉം ചെന്നൈയില്‍ 68.9 രൂപയുമാണ് വില. കേരളത്തില്‍ ഡീസലിന് 70.86 രൂപയും പെട്രോളിന് 70.82 രൂപയുമാണ് വില. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 74 ഡോളറിലെത്തിയിരുന്നു. ഈവര്‍ഷംതന്നെ പ്രധാന നഗരങ്ങളില്‍ പെട്രോളിന് നാലു രൂപയും ഡീസലിന് ആറുരൂപയുമാണ് വര്‍ധിച്ചത്.

ഇന്ത്യ കുതിക്കുന്നു ഫ്രാന്‍സിനെയും കടന്ന്: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി

ഏപ്രില്‍ 2018ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക്ക് ഔട്ട് ലുക്കിന്റെ കണക്കനുസരിച്ച് ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറി. ജി ഡി പി 2.6 ട്രില്ല്യന്‍ ഡോളറില്‍ എത്തിയെന്നുള്ള വിവരം ഐ എം എഫാണ് പുറത്ത് വിട്ടത്. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ആറാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ യു എസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി, യു കെ എന്നീ രാജ്യങ്ങളാണ് ജി ഡി പിയില്‍ ഇന്ത്യക്കു മുന്നില്‍ നില്‍ക്കുന്നത്. നോട്ട് നിരോധനവും ജി എസ് ടിയും വരുത്തിയ പ്രത്യാഘാതങ്ങളെ രാജ്യത്തിന് അതിജീവിക്കാന്‍ സാധിച്ചുവെന്ന് ലോക ബാങ്കിന്റെയും ഐ എം എഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സമ്പത്ത് വ്യവസ്ഥയുടെ കാര്യത്തില്‍ ഇവ രണ്ടും എത്രമാത്രം പരിക്കേല്‍പ്പിച്ചിരുന്നു എന്ന കാര്യം പരിഗണിക്കാതെയാണ് ഇത്. 2018ല്‍ 7.4ശതമാനം, 2019ല്‍ 7.8ശതമാനം എന്നിങ്ങനെയാണ് ഐ എം എഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. 2017 ല്‍ 6.7ശതമാനം വളര്‍ച്ചാ നിരക്കാണ് ഐ എം എഫ് ... Read more

പൂരങ്ങളുടെ പൂരത്തിന് കൊടിയേറി

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമിട്ട് പാറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. പാറമേക്കാവിൽ ആറാട്ടിനായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. 25നാണ് പൂരം. 23ന് സാംപിൾ വെടിക്കെട്ട് നടക്കും. ചമയപ്രദർശനവും അന്നുതന്നെ ആരംഭിക്കും. എല്ലാ പൂരപ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന പൂരം വെടിക്കെട്ടിന് സർക്കാർ അനുമതി നൽകി. സാംപിള്‍ വെടിക്കെട്ട്‌ നടക്കുന്ന 23നു തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നും പൂരപ്രേമികളും വിനോദസഞ്ചാരികളും തൃശൂര്‍ എത്തും. പൂരത്തിന്‍റെ മുന്നോടിയായി നടക്കുന്ന പൂരം എക്സിബിഷന്‍ വടക്കുനാഥ ക്ഷേത്ര നഗരിയില്‍ തുടങ്ങി. ലാലൂർ കാർത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതിക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിക്ഷേത്രം, ചൂരക്കാട്ടുകര ഭഗവതിക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നിവയാണു പൂരത്തിനു നേതൃത്വം നല്‍കുന്ന ഘടകക്ഷേത്രങ്ങൾ.

ഇന്ത്യ- നേപ്പാള്‍- ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന

ഹിമാലയം വഴി ഇന്ത്യ – നേപ്പാള്‍ – ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന. ചൈനയുടെയും നേപ്പാളിന്‍റെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ദേശീയപാതകളേയും റെയില്‍വെ ലൈനുകളേയും തുറമുഖങ്ങളേയും വിമാനത്താവളേയും ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച ധാരണയിലാണ് ഇരുരാജ്യങ്ങളും എത്തിയിട്ടുള്ളത്. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി സംബന്ധിച്ച കരാറില്‍ നേപ്പാളും ചൈനയും നേരത്തെതന്നെ ഏര്‍പ്പെട്ടിരുന്നു.   മൂന്ന് രാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് ചൈനയും നേപ്പാളും അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയും ചൈനയും സഹകരിക്കണമെന്ന് നേപ്പാള്‍ അഭ്യര്‍ഥിച്ചു. നേപ്പാളിന്‍റെ വികസനത്തിന് ഇന്ത്യയും ചൈനയും അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായി അന്ത്യോദയ എക്‌സ്പ്രസ് വരുന്നു

മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളിമംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുക. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെത്തി. ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും സഹായകമാവുംവിധം ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്‌സ്പ്രസ്. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍നിന്നും. ജര്‍മ്മന്‍ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക എല്‍എച്ച്ബി കോച്ചുകളാണ് എത്തിയത്. ആന്റി ടെലസ്‌കോപിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ട്രെയിന്‍ അപകടത്തില്‍പെട്ടാലും പരസ്പരം ഇടിച്ച് കയറാത്തവിധം സുരക്ഷിതമാണ് കോച്ചുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മാണം. ബയോടോയ്‌ലറ്റുകളാണുള്ളത്. വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ വടക്കന്‍ ... Read more

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ ഒരാഴ്ച്ചത്തേക്ക് സിറ്റി പോലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്രഖ്യാപിത ഹര്‍ത്താലിന്റെയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ നഗരത്തില്‍ അനിഷ്ട സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞയ്ക്ക് പുറമെ പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കല്ലാര്‍കുട്ടിയില്‍ ബോട്ടിംങ് ആരംഭിക്കുന്നു

വൈദ്യുതി വകുപ്പിന്റെ ഹെഡല്‍ ടൂറിസം പദ്ധതി കല്ലാര്‍കുട്ടി ഡാമില്‍ ആരംഭിക്കുന്നു. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പെഡല്‍ ബോട്ടുകള്‍ ഡാമില്‍ എത്തി. വരും ദിവസങ്ങളില്‍ സ്പീഡ് ബോട്ടുകളും ഇവിടെ എത്തിക്കുമെന്ന് ഹൈഡല്‍ ടൂറിസം അധികൃതര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിക്ക് നാല് പെഡല്‍ ബോട്ടുകളും ഒരു സ്പീഡ് ബോട്ടുമാണ് അനുവദിച്ചിട്ടുള്ളത്. കല്ലാര്‍കുട്ടി അണക്കെട്ട് ഭാഗത്ത നിന്ന് കൊന്നത്തടി പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മുതിരപ്പുഴ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തായാണ് സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കായി ബോട്ട് ജെട്ടി സ്ഥാപിക്കുന്നത്. ബോട്ട സര്‍വീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നാറില്‍ നിന്ന് കല്ലാര്‍കുട്ടി വഴി ഇടുക്കിയിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. ഡാമിലൂടെ ബോട്ടിങ്ങ് നടത്തുമ്പോള്‍ ആല്‍പ്പാറ, നാടുകാണി, കാറ്റാടിപ്പാറ ഉള്‍പ്പെടെയുള്ള കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

വീട്ടിലെ എല്ലാവർക്കും സൗജന്യ ഡേറ്റ, കോൾ

അണ്‍ലിമിറ്റഡ് ഡേറ്റയും കോളും ഒരുക്കി ബിഎസ്എൻഎല്ലിന്‍റെ ഫാമിലി ബ്രോഡ്ബാൻഡ് പാക്കേജ്. 1199 രൂപയുടെ പാക്കേജിലാണ് അൺലിമിറ്റഡ് കോളും ഡേറ്റയും കിട്ടുക. ഇതിനൊപ്പം മൂന്ന് സിം കാർഡുകൾ കൂടി ലഭിക്കും. ഒരു വീട്ടിലെ എല്ലാവർക്കും ഡേറ്റാ– കോൾ സേവനം ലഭ്യമാക്കുകയാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം. 1199 മാസ വാടകയ്ക്ക് മൂന്നു സിമ്മുകളിലും പരിധിയില്ലാത്ത കോളും ഡേറ്റയും ലഭ്യമാകും. ഫ്രീ ഓണ്‍ലൈൻ ടിവി, ഒരു മാസത്തേക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ സൗജന്യ ഓൺലൈൻ എജ്യുക്കേഷൻ പാക്കേജ് എന്നിവയും സിമ്മിൽ നൽകും. ബ്രോഡ്ബാൻഡ് പ്ലാനിലെ അൺലിമിറ്റഡ് ഡേറ്റയിൽ 30 ജിബി വരെ 10 എംബിപിഎസ് വേഗവും അതിനു ശേഷം രണ്ട് എംബിപിഎസ് വേഗവും ലഭിക്കും. സിം കാർഡുകളിൽ ദിവസം ഒരു ജിബി ഡേറ്റയാണു ലഭ്യമാവുക. നിലവിലുള്ള ബ്രോഡ്ബാൻഡ് വരിക്കാർക്കും ഈ പ്ലാനിലേക്ക് മാറാൻ അവസരമുണ്ടെന്നും ബിഎസ്എൻഎൽ അറിയിച്ചു.

ലോക പൈതൃക ദിനം: യാത്രപോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക സ്ഥലങ്ങളിലേയ്ക്ക്

ഇന്ന് ലോക പൈതൃകദിനം. സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായാണ് ലോക പൈതൃക ദിനം യുനസ്കോ ആചരിക്കുന്നത്. ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍ യുനസ്കോയുടെ ലോക പൈതൃക സമിതിയാണ് കണ്ടെത്തുന്നത്. ഇതുവരെ 167 രാജ്യങ്ങളില്‍ നിന്നായി 1073 സ്ഥലങ്ങള്‍ ലോക പൈതൃക പട്ടികയിലുണ്ട്. ഇതില്‍ 36 സ്ഥലങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവയാണ്‌. ഇന്ത്യയിൽ നിന്നും ആദ്യമായി ലോക പൈതൃക പട്ടികയിൽ ഇടം നേടിയത് ആഗ്ര കോട്ട, അജന്ത ഗുഹകൾ എന്നിവയാണ്. പൈതൃകങ്ങളുടെ പുണ്യം അന്വേഷിച്ച് യാത്രചെയ്യുന്നവര്‍ക്ക് ഇന്ത്യയില്‍ പോകാന്‍ പറ്റിയ അഞ്ചിടങ്ങള്‍ പരിചയപ്പെടാം. കാസ് പീഠഭൂമി മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് കാസ് പീഠഭൂമി. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പീഠഭൂമിക്ക് സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുണ്ട്. ഈ പീഠഭൂമിയിൽ കാണപ്പെടുന്ന കാസ എന്ന മരത്തിന്‍റെ പേരിൽ നിന്നാണ് ‘കാസ് പീഠഭൂമി’ എന്ന പേര് ലഭിച്ചത്. കുറ്റിച്ചെടികളും പുൽവർഗ്ഗ ... Read more

ജെ എന്‍ യുവില്‍ കറങ്ങാന്‍ ഇനി ഇ-റിക്ഷയും

ജവഹര്‍ലാല്‍ നെഹ്‌റു ക്യാമ്പസില്‍ കറങ്ങാന്‍ ഇനി ഇ-റിക്ഷയും. ഒരാള്‍ക്ക് 10 രൂപ നിരക്കില്‍ ക്യാമ്പസിനുള്ളിലെ യാത്രകള്‍ക്ക് ഉപകരിക്കുന്ന ഇ-റിക്ഷ സംവിധാനം ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ ജെ എന്‍ യുവിലെ റസിഡന്‍ഷ്യല്‍ മേഖലകള്‍, ഹോസ്റ്റല്‍, ഷോപ്പിംങ് കോംപ്ലക്‌സ്, ലൈബ്രറി, അക്കാദമിക് ബില്‍ഡിങ് തുടങ്ങിയ എല്ലാ പ്രധാന ഗേറ്റുകളുമായി ബന്ധിപ്പിച്ച് കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 7.30 മുതല്‍ രാത്രി 9.30 വരെ പത്ത് ഇ-റിക്ഷകളാണ് ക്യാമ്പസിനുള്ളില്‍ സര്‍വീസ് നടത്തി വരുന്നത്.വരും മാസങ്ങളില്‍ കൂടുതല്‍ ഇ-റിക്ഷകള്‍ ക്യമ്പസിനുള്ളില്‍ ഇറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ചാടുന്ന മീനിനെ പിടിക്കാം , വെള്ളത്തില്‍ സൈക്കിള്‍ ചവിട്ടാം.. ഞാറയ്ക്കലേക്ക് പോരൂ ..

മീന്‍ പിടിക്കാം, ബോട്ടില്‍ ചുറ്റാം, വെള്ളത്തില്‍ സൈക്കിളോടിക്കാം..നല്ലൊരു അവധി ദിനം ആഘോഷിക്കാന്‍ തയ്യാറെടുത്തെങ്കില്‍ എറണാകുളത്തെ ഞാറയ്ക്കലേക്ക് പോരൂ. മത്സ്യഫെഡ് ഉടമസ്ഥതയിലുള്ള ഞാറയ്ക്കല്‍ ഇക്കോ ടൂറിസം ഫിഷ്‌ ഫാം തയ്യാര്‍ പ്രത്യേകതകള്‍ 45 ഏക്കറില്‍ പരന്നു കിടക്കുകയാണ് ഞാറയ്ക്കല്‍ ഫിഷ്‌ ഫാം. ഇതിലൂടെ ബോട്ടിംഗ് നടത്താം. ഇടയ്ക്ക് ഉയര്‍ന്നു ചാടുന്ന മീനുകളെ കാണാം. സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, തുഴച്ചില്‍ വള്ളം, കുട്ട വഞ്ചി,കയാകിംഗ് സൗകര്യം എന്നിവ ഇവിടെയുണ്ട്. അടുത്തിടെ പുറത്തിറക്കിയ ജല സൈക്കിളാണ് പുതിയ വിസ്മയം. വാട്ടര്‍ സൈക്കിളിംഗ് അര മണിക്കൂര്‍ നേരത്തേക്ക് 200 രൂപയാണ് ചാര്‍ജ്. അരമണിക്കൂര്‍ നേരത്തെ കയാക്കിംഗിന് 150 രൂപയാണ് ചാര്‍ജ്. സൈക്കിള്‍ മാതൃകയിലുളള വാട്ടര്‍ സൈക്കിളിന് 12 അടി നീളവും, ആറ് അടി വീതിയും, നാല് അടി ഉയരവുമുണ്ട്. ഹളളുകള്‍ ഫൈബറിലും ഫ്രയിം സ്റ്റീലിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബാലന്‍സ് കിട്ടാനും, മറിയാതിരിക്കാനും ഇത് സഹായിക്കും. ആളുകളുടെ സൗകര്യത്തിനനുസരിച്ച് സീറ്റ് ഉയര്‍ത്തുകയും, താഴ്ത്തുകയും ചെയ്യാം. ... Read more

ഫേഷ്യല്‍ റെക്കഗ്നിഷന്‍; ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്‍റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു എന്നതാണ് ഫെയിസ്ബുക്കിനെതിരെയുള്ള കേസ്. അമേരിക്കയിലെ ക്ലാസ് ആക്ഷന്‍ സ്യൂട്ട് വഴി നല്‍കിയ പരാതിയിന്മേല്‍ ഇന്നലെയാണ് അമേരിക്കന്‍ ജില്ലാ ജഡ്ജി ജെയിംസ് ഡൊനാട്ടോ നിയമനടപടിയ്ക്ക് ഉത്തരവിട്ടത്. ഒരാള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അയാളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ‘ടാഗ് സജഷന്‍’ സംവിധാനമാണ് കേസിനാധാരമായിരിക്കുന്നത്. 2011 ജൂണിലാണ് ഫെയ്‌സ്ബുക്ക് ‘ ടാഗ് സജഷന്‍’ ഫീച്ചര്‍ അവതരിപ്പിച്ചത്. അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ആരെല്ലാം ഉണ്ടെന്ന് കണ്ടെത്തുകയും അവരെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നത് ഇല്ലിനോയിസ് സ്‌റ്റേറ്റ് നിയമത്തിന്‍റെ ലംഘനമാണെന്ന് കേസില്‍ ആരോപിക്കുന്നു. ശതകോടിക്കണക്കിന് ഡോളര്‍ വിലവരുന്ന നിയമപരമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളതെന്ന് ഫെയ്‌സ്ബുക്കിന് മനസിലായേക്കുമെന്നും ജഡ്ജ് ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. അടുത്തിടെയാണ് മറ്റാരെങ്കിലും തങ്ങളുടെ ചിത്രങ്ങള്‍ ... Read more

വിനോദ സഞ്ചാരിയുടെ മൃതദേഹം കടുവാ സങ്കേതത്തില്‍

ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തില്‍ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് നിഗമനം. മോണ്‍ടിചുര്‍ വനാതിര്‍ത്തിക്കു സമീപമുള്ള അമ്പലത്തിനു പിന്നിലുള്ള വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ 56 കാരനായ ടെക് ചന്ദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മുതിര്‍ന്ന സഹോദരനും കുടുംബത്തോടുമൊപ്പം കഴിഞ്ഞ ദിവസം നീല്‍കണ്ഡിലെത്തിയതായിരുന്നു ടെക് ചന്ദ്.മടക്കയാത്രയില്‍ സത്യനാരായണ്‍ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തിലേക്കു പോയ ഇദ്ദേഹത്തെ വൈകുന്നേരം നാലുമണിയോടെ കാണാതാവുകയായിരുന്നു. ഇദ്ദേഹം തിരിച്ചെത്താന്‍ വൈകിയതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍തന്നെ വിവരം സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. തിരിച്ചിലിനൊടുവില്‍ രാത്രി പത്തരയോടെ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തില്‍ നിന്നും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമാനമായ സംഭവം മുന്‍പും ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പതിനേഴാമത്തെ ഇരയാണ് ടെക് ചന്ദ്. പ്രദേശത്ത് പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് അവഗണിക്കുകയാണ് ... Read more