Category: Homepage Malayalam

വായനക്കാരെ തേടിയെത്തുന്ന പുസ്തകശാല

വായന ഇഷ്ടമല്ലാത്തവര്‍ ആരുണ്ട് ഈ ലോകത്ത്? എന്നാലോ തിരക്ക് മൂലം വായനശാലയില്‍ പോയി പുസ്തകം എടുക്കാന്‍ പോലും ആര്‍ക്കും ഇപ്പോള്‍ നേരമില്ല. എന്നാല്‍ ജോര്‍ദാനില്‍ കാര്യങ്ങള്‍ ഈ പറയും പോലെയൊന്നുമല്ല. വായിക്കാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ ജോര്‍ദാനില്‍ വായനശാല തന്നെ അവരെ തേടിയെത്തുന്ന തരത്തില്‍ സഞ്ചരിക്കുന്ന ലൈബ്രറിക്ക് രൂപം നല്‍കിയിരിക്കുകയാണ്. ജോര്‍ഡദാനിലെ മദബ തെരുവില്‍ ഗെയിത്ത് എന്ന ഇരുപത്തിയേഴുകാരന്‍ കാറിനകത്തും ഡിക്കിയിലും നിറയെ പുസ്തകങ്ങളുമായി ബുക്‌സ് ഓണ്‍ റോഡ് എന്ന പേരിലുള്ള സഞ്ചരിക്കുന്ന പുസ്തകശാല തെരുവിലെത്തുമ്പോള്‍ വായനക്കാര്‍ മാത്രമല്ല അല്ലാത്തവരും കാറിനെ പൊതിയുന്ന കാഴ്ച്ചയാണ് മദബയില്‍ ഇപ്പോള്‍ കാണുന്നത്. സാഹിത്യത്തോടും വായനയോടുമുള്ള ഗെയിത്തിന്റെ അടങ്ങാത്ത പ്രണയമാണ് കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്ന ഈ വേറിട്ട രീതിക്ക് പിന്നില്‍. കോര്‍പറേറ്റ് രംഗത്ത് വലിയ ശമ്പളമുള്ള ജോലി വേണ്ടെന്നുവെക്കാന്‍ പ്രചോദനമായതും അക്ഷരങ്ങളോടുള്ള അഭിനിവേശം തന്നെ. 2015ല്‍ ജോലി ഉപേക്ഷിച്ച് കവോണ്‍ എന്ന പേരില്‍ ഒരു പുസ്തകശാലയാണ് ഗെയിത്ത് ആദ്യം തുടങ്ങിയത്. എന്നാല്‍, സാമ്പത്തികബാധ്യത വെല്ലുവിളിയായതോടെ പുസ്തകശാലയുടെ പ്രവര്‍ത്തനം ... Read more

വിവോ വൈ53ഐ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

വിവോ ‘വൈ’ സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലേക്ക് പുതിയ സ്മാര്‍ട്‌ഫോണ്‍ കൂടി. വിവോ വൈ53ഐ സ്മാര്‍ട്‌ഫോണാണ് കമ്പനി പുറത്തിറക്കിയത്. അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യയും ഫേസ് ആക്‌സസ് ഫീച്ചറുമുള്ള ‘വിവോ വൈ53 ഐക്ക് അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. രണ്ട് മെഗാപിക്‌സല്‍ റാമും 16 ജിബി ഇന്‍റെണല്‍ മെമ്മറിയുമുള്ള ഫോണില്‍ 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 425 പ്രൊസസറാണ് ഫോണിനുള്ളത്. 2500 എംഎഎച്ചാണ് ബാറ്ററി. എട്ട് മെഗാപിക്‌സല്‍ റെയര്‍ ക്യാമറയിലെ അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടര്‍ച്ചയായി ചിത്രങ്ങള്‍ എടുക്കാം. 32 മെഗാപിക്‌സല്‍ റസലൂഷന്‍ വരെയുള്ള ചിത്രങ്ങള്‍ ഇങ്ങനെ പകര്‍ത്താന്‍ സാധിക്കും. അഞ്ച് മെഗാപിക്‌സലാണ് സെല്‍ഫിക്യാമറ. കുറഞ്ഞ പ്രകാശത്തിലും മികച്ച സെല്‍ഫികള്‍ എടുക്കുന്നതിന് സ്‌ക്രീന്‍ ഫ്‌ലാഷ് സംവിധാനവും ഫോണിലുണ്ടാവും. സ്‌ക്രീനില്‍ നിന്നും നീല വെളിച്ചം കുറച്ച് കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ സഹായിക്കുന്ന സ്മാര്‍ട് ഐ പ്രൊട്ടക്ഷന്‍ സംവിധാനവും രണ്ട് ആപ്ലിക്കേഷനുകള്‍ ഒന്നിച്ചുപയോഗിക്കാന്‍ സാധിക്കുന്ന ആപ്പ് ക്ലോണ്‍ സൗകര്യവും ഫോണിലുണ്ട്. ... Read more

കണ്ടക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി ഹാജര്‍

ബസ് കണ്ടക്ടറായി കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി. ലോക തൊഴിലാളി ദിനത്തിലാണ് തച്ചങ്കരി ബസ് കണ്ടക്ടറായി പുതിയ വേഷമണിഞ്ഞത്. ഇന്നു രാവിലെ 10.45നു പുറപ്പെട്ട തിരുവനന്തപുരം– ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചറിലാണ് തിരുവല്ല വരെ തച്ചങ്കരി കണ്ടക്ടറായത്. ഇന്നലെയാണ് കെഎസ്ആർടിസി കണ്ടക്ടർ ലൈസൻസിനുള്ള പരീക്ഷ തച്ചങ്കരി പാസായത്. ആകെയുള്ള 20 ചോദ്യങ്ങളിൽ 19നും ശരിയുത്തരം നൽകിയായിരുന്നു തച്ചങ്കരിയുടെ വിജയം. മൂന്നുവർഷത്തെ കാലാവധിയുള്ള ലൈസൻസാണ് ലഭിച്ചിരിക്കുന്നത്. ലൈസൻസ് കയ്യിൽ കിട്ടിയതോടെ ജോലിക്കു കയറുകയായിരുന്നു അദ്ദേഹം. അധികം വൈകാതെ ഡ്രൈവറുടെ വേഷത്തിലും തച്ചങ്കരിയെത്തും. ഹൈവി വെഹിക്കിൾ ഡ്രൈവർ ലൈസൻസിനായി അപേക്ഷ നൽകി. 20 ദിവസത്തിനകം ലൈസൻസ് കിട്ടുമെന്നാണ് പ്രതീക്ഷ.

സുല്‍ത്താന്‍ ബത്തേരി ഫ്‌ളവര്‍ സിറ്റിയാകുന്നു

ക്ലീന്‍ സിറ്റിക്കൊപ്പം ഫ്‌ളവര്‍ സിറ്റിയാവാനും ബത്തേരി നഗരം സജ്ജമാവുന്നു. സംസ്ഥാനത്ത് വൃത്തിയില്‍ മുന്നില്‍ നില്‍ക്കുന്ന നഗരങ്ങളില്‍ ഒന്നാണ് വയനാട്ടിലെ ബത്തേരി. കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതയിലാണ് നഗരമുള്ളത്. മറ്റ് നഗരങ്ങളില്‍ കാണുന്നത് പോലെയുള്ള മാലിന്യ കൂമ്പാരങ്ങളും മൂക്ക് പൊത്തി യാത്ര ചെയ്യേണ്ടി വരുന്ന പാതകളും ഇല്ലാത്തതാണ് ബത്തേരിയുടെ പ്രത്യേകത. നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് രണ്ടേകാല്‍ വര്‍ഷം മാത്രം പ്രായമെത്തിയ നഗരസഭ ഭരണസമിതി നല്‍കുന്ന പ്രധാന്യം ഏറെയാണ്. മുമ്പ് പൊട്ടിപ്പൊളിഞ്ഞു കിടന്ന നടപ്പാതകള്‍ നവീകരിച്ചതോടെ കാല്‍നട യാത്ര സുഗമമായി. നഗരത്തില്‍ നടപ്പാതകളുടെ ഇരുമ്പ് കൈവരികളിലും കച്ചവട സ്ഥാപനങ്ങളുടെ മുന്‍വശത്തും പൂച്ചെടികള്‍ വച്ചുപിടിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന് നിര്‍ലോഭമായ പിന്തുണയും സഹകരണവുമാണ് വ്യാപാരികളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും ലഭിച്ചുവരുന്നത്. ഇതിനകം നഗരത്തിന്റെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നടപ്പാതയുടെ കൈവരികളില്‍ ഘടിപ്പിച്ച പൂച്ചട്ടികളിലെ ചെടികളില്‍ നിരവധി വര്‍ണപൂക്കള്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞത് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് മനോഹര കാഴ്ചയാണ്. വിവിധ സംഘടനകളും കച്ചവടക്കാരുമാണ് പൂച്ചെടികള്‍ വച്ചുപിടിപ്പിച്ച് പരിപാലിച്ചു വരുന്നത്. ... Read more

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതുമയുമായി കത്താറ

ദോഹ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ വരുന്നു. ഹൈടെക് പ്ലാനറ്റേറിയം, ആഡംബര ഷോപ്പിങ് മാള്‍, കുട്ടികളടക്കമുള്ളവര്‍ക്ക് ഷോപ്പിങ് സൗകര്യങ്ങള്‍ തുടങ്ങിവയാണ് കത്താറ വില്ലേജില്‍ തയ്യാറാകുന്നത്. ഈ വര്‍ഷം അവസാനപാദത്തില്‍ പ്ലാനറ്റേറിയത്തിന്‍റെയും വാനനിരീക്ഷണ കേന്ദ്രത്തിന്‍റെയും പണിപൂര്‍ത്തിയാകും. കടല്‍ കാണാവുന്ന വിധത്തില്‍ 12 വ്യത്യസ്ത കെട്ടിടങ്ങളും പാര്‍ക്കിങ് സ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഭക്ഷണശാലകള്‍, കഫേകള്‍, വായനശാലകള്‍, പ്രദര്‍ശനഹാള്‍, സിനിമാ തിയേറ്റര്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാകും. പ്ലാനറ്റേറിയം 2240 ചതുരശ്ര മീറ്ററിലാണ് പണിയുക. 200 പേര്‍ക്ക് ഒരേസമയം പ്രദര്‍ശനം കാണാവുന്ന വിധത്തില്‍ ക്രമീകരിച്ച പ്ലാനറ്റേറിയത്തില്‍ നാലു ഇരിപ്പിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കും നാലെണ്ണം മുതിര്‍ന്ന പൗരന്മാര്‍ക്കുമുണ്ടാകും. വ്യത്യസ്ഥ പരിപാടികള്‍ നടത്തുന്നതിനായി കടല്‍ കാണാവുന്നതരത്തില്‍ വിശാലമായ ടെറസ്സാണ് ഒരുങ്ങുന്നത്. മധ്യപൂര്‍വേഷ്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ ‘ഏവിയന്‍ സ്​പാ’ കത്താറ പ്ലാസയിലൊരുക്കുന്നുണ്ട്. കുട്ടികള്‍ക്കായുള്ള മാളുമുണ്ടാകും. ചുവപ്പിലും സ്വര്‍ണനിറത്തിലും പൊതിഞ്ഞ വലിയ രണ്ട് സമ്മാനപ്പൊതികളുടെ രൂപത്തിലാണ് ഇത് ഡിസൈന്‍ ചെയ്യുന്നത്. മറ്റൊരു ആകര്‍ഷണമായി മാറുന്ന കത്താറ ഹില്‍സ് ... Read more

ട്വിറ്ററിലും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡേറ്റാ ചോർത്തൽ വിവാദത്തിലേക്ക് ട്വിറ്ററും. ബ്രിട്ടിഷ് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്കിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിനു സമാന രീതിയിലാണ് ട്വിറ്ററിലും വിവരച്ചോർച്ച നടന്നതെന്നാണ് റിപ്പോര്‍ട്ട്. കേംബ്രി‍ജ് സർവകലാശാലയിലെ ഗവേഷകൻ അലക്സാണ്ടർ കോഗൻ വികസിപ്പിച്ച ‘ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്’ എന്ന ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങൾ ചോർത്തിയത്. ഇതേ കോഗൻ സ്ഥാപിച്ച ഗ്ലോബല്‍ സയന്‍സ് റിസര്‍ച് (ജിഎസ്‌ആര്‍) എന്ന സ്ഥാപനം 2015ല്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് ‘ദ് സൺഡേ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള ട്വീറ്റുകള്‍, യൂസര്‍നെയിം, പ്രൊഫൈൽ ചിത്രങ്ങള്‍, പോസ്റ്റു ചെയ്ത ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ത്തിയത്‌. എത്രപേരുടെ വിവരങ്ങളാണു ജിഎസ്‌ആര്‍ സ്വന്തമാക്കിയതെന്നു വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ബ്രാൻഡ് റിപ്പോർട്ട്, സർവേ എക്സ്റ്റെൻഡർ ടൂൾസ് തുടങ്ങിയ ആവശ്യങ്ങൾക്കായാണു വിവരങ്ങൾ ശേഖരിച്ചതെന്നും ട്വിറ്റർ നയങ്ങൾ മറികടന്നിട്ടില്ലെന്നും വാദമുണ്ട്. ഉപയോക്താക്കൾ പങ്കിടുന്ന പൊതു അഭിപ്രായങ്ങൾ ശേഖരിക്കാൻ കമ്പനികൾക്കും സംഘടനകൾക്കും ... Read more

സഞ്ചാരികള്‍ക്ക് സ്വാഗതം പറഞ്ഞ് കവ്വായി

കവ്വായി കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പ് സഞ്ചാരികളെ കാത്തിരിക്കുന്നു. നിലവിലുള്ള യാത്രാ ബോട്ടുകള്‍ സൗകര്യപ്പെടുത്തിയാണ് ഏഴിമലയുടെയും കായലിന്റെയും വിവിധ ദ്വീപുകളുടെയും മനോഹര ദൃശ്യം കാണുവാന്‍ ക്ഷണിക്കുന്നത്. കൊറ്റിയില്‍ നിന്ന് പടന്നയിലേക്ക് 33 കിലോമീറ്റര്‍ കായല്‍വഴിയുള്ള യാത്രക്ക് 19 രൂപയാണ് ഒരാളുടെ യാത്രക്കൂലി. രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൃശ്യങ്ങള്‍ കണ്ടു ബോട്ടിലൂടെ യാത്ര ചെയ്യാം. ഏഴിമലയും അതിന്റെ മനോഹരമായ താഴ്വരയും ഉള്‍പ്പെടെ നിരവധി തുരുത്തുകള്‍. ഒരു ഭാഗത്തു കടലും മറുഭാഗത്തു കായലും. കണ്ടല്‍കാടുകളും കല്ലുമ്മക്കായ കൃഷിയും എല്ലാം ഈ ബോട്ട് സഞ്ചാരത്തിലൂടെ കാണാന്‍ കഴിയുമെന്നാണ് ജലഗതാഗത വകുപ്പ് പറയുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ പഞ്ചായത്തായ വലിയപറമ്പ് പഞ്ചായത്തിന്റെ ഏറ്റവും കൂടുതല്‍ വീതി 400 മീറ്ററാണ്. ഇതിന്റെ നീളം 24 കിലോമീറ്ററും. ഇതിന്റെ തീരത്തുകൂടി കടന്നുപോകുമ്പോള്‍ അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗം കൊറ്റിക്കടവില്‍ നിന്ന് രാവിലെ 10.30ന് ബോട്ടില്‍ കയറിയാല്‍ 12.30ന് ... Read more

കാലി-പീലി കാറുകളുമായി കൈകോര്‍ത്ത് ഊബര്‍

ആപ് അധിഷ്ഠിത ക്യാബ് സര്‍വീസായ ഊബര്‍ ആദ്യമായി കാലി-പീലി ടാക്‌സിയുമായി കൈകോര്‍ക്കുന്നു. തങ്ങളുടെ ശൃംഖലയിലേക്ക് കണ്ണിചേര്‍ത്ത് ദക്ഷിണ മേഖലയിലെ കാലി-പീലി ടാക്‌സികളാണ് ഊബര്‍ ആപ്പില്‍ ലഭ്യമാകുക. അവധിക്കാല തിരക്കില്‍ ഊബര്‍, ഓല ക്യാബുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതിനാല്‍ തിരക്കിനനുസരിച്ചുള്ള കൂടിയ നിരക്ക് യാത്രക്കാര്‍ക്ക് നല്‍കേണ്ടിവരുന്നുണ്ട്. വാഹനലഭ്യത കുറവും കാത്തിരിപ്പ് കൂടുകയും ചെയ്യുന്നു. കാലി-പീലി കൂടി ഊബര്‍ പാനലില്‍ വരുമ്പോള്‍ ഇതിന് കുറെയൊക്കെ പരിഹാരമാകും. ആപ് അധിഷ്ഠിത ക്യാബ് സര്‍വീസായ ഓല നേരത്തേ തന്നെ കാലി-പീലി ക്യാബുകളെ തങ്ങളുടെ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വെടിക്കെട്ടിന് ഇടവേള: ക്രിസ് ഗെയ്ല്‍ കൊല്ലത്ത്

ഐപിഎല്ലിലെ വെടിക്കെട്ടിന്‍റെ ചൂടില്‍ നിന്നും തല്‍ക്കാലം അവധിയെടുത്ത് ക്രിസ് ഗെയ്ല്‍ പൊങ്ങിയത് ഇങ്ങ് കൊല്ലത്തെ കായല്‍ തീരത്ത്‌. ഭാര്യ നതാഷ ബെറിജിനും മകള്‍ ക്രിസ് അലീനയ്ക്കും ഒപ്പമാണ് ലോക ക്രിക്കറ്റിലെ മിന്നും താരം കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. കായല്‍ സവാരിയും ആയുര്‍വേദ ചികിത്സയുമാണ് ഗെയിലിന്‍റെ ലക്ഷ്യം. ഇന്നലെ രാവിലെ കൊല്ലത്തെത്തിയ ഗെയിലും കുടുംബവും റാവിസ് ഹോട്ടല്‍ മുതല്‍ മണ്‍റോതുരുത്ത് വരെ അഷ്ടമുടി കായലില്‍ സവാരി നടത്തി. ദിവസം മുഴുവന്‍ വഞ്ചിവീട്ടില്‍ ചിലവഴിച്ചു. അഷ്ടമുടിയിലേയും മണ്‍റോതുരുത്തിലേയും കാഴ്ചകള്‍ക്കപ്പുറം ഗെയിലിന്‍റെ മനസ്സിലും നാവിലും വെടിക്കെട്ട്‌ തീര്‍ത്തത് കേരളത്തിലെ തനതു രുചികളാണ്. റാവിസ് ഗ്രൂപ്പ് കോര്‍പറേറ്റ് ഷെഫ് സുരേഷ്പിള്ളയാണ് ഗെയിലിന് ഭക്ഷണമൊരുക്കിയത്. ചക്ക, കരിമീന്‍, മാമ്പഴം, കണവ, കൊഞ്ച് തുടങ്ങിയ രുചികള്‍ ഗെയിലും കുടുംബവും നന്നേ ആസ്വദിച്ചു. വഞ്ചിവീട് യാത്രയ്ക്കിടെ അല്‍പ്പനേരം മല്‍സ്യബന്ധനത്തൊഴിലാളികളുടെ കൂടെ ചെലവഴിച്ചു. സെല്‍ഫിയെടുത്ത് പിരിഞ്ഞു. ഐപിഎല്ലില്‍ പന്ത്രണ്ട് സിക്സുകള്‍ കൂടി അടിച്ചാല്‍ ഗെയ്​ലിന് സിക്സുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാം. ഈ ... Read more

നോക്കി നിന്നാല്‍ ഇനിയില്ല കൂലി

തൊഴിലാളി ദിനം ആഘോഷിച്ച് കേരള സര്‍ക്കാര്‍. ഇന്നു മുതല്‍ സംസ്ഥാനത്ത് നോക്കു കൂലി സമ്പ്രദായം ഇല്ല. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണു ഭേദഗതി ചെയ്തത്. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതുള്‍പ്പെടെ കേരളത്തിലെ ചുമട്ടുതൊഴില്‍മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പ്രാവര്‍ത്തികമാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ്. തൊഴില്‍മേഖലകളില്‍ ചില യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് എട്ടിനു നടന്ന ട്രേഡ്യൂണിയന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണു തൊഴില്‍വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. അമിതകൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും അടക്കമുള്ള പ്രവണതകള്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനു വിഘാതമാകുന്നതായി വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണു തീരുമാനം. നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ... Read more

സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അഥോറിറ്റി ഉടൻ രൂപീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അഥോറിറ്റി ഉടൻ രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ അവസാനിപ്പിക്കുന്നതിനും വിനോദസഞ്ചാര മേഖലയുടെ പൊതുവായ മേൽനോട്ടത്തിനുമായാണ് ടൂറിസം റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ പഠനം നടത്താൻ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനെ മന്ത്രി ചുമതലപ്പെടുത്തി. ജൂലായ് മാസത്തിൽ ഇത് സംബന്ധിച്ച അന്തിമ റിപ്പോർട് സമർപ്പിക്കണമെന്നും നിർദേശിച്ചു. ടൂറിസത്തിന്‍റെ പേരിൽ ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയുണ്ടാകുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം മേഖലയ്‌ക്കെതിരായ നെഗറ്റിവ് ക്യാംപയിൻ സംസ്ഥാനത്തിന്‍റെ സാമ്പത്തികനിലയെ ബാധിക്കുമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും വളർച്ചാ നിരക്കില്‍ പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായിട്ടില്ല. ഇതില്‍ മാറ്റമുണ്ടാക്കാന്‍ ഊര്‍ജിതമായ കര്‍മ്മപരിപാടി ആവിഷ്കരിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ടൂറിസം സെക്രട്ടറി റാണി ... Read more

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മലങ്കര ഡാം ഒരുങ്ങുന്നു

വിനോദസഞ്ചാരികളെ ആകർഷിക്കാൻ മോടികൂട്ടി മുട്ടം പഞ്ചായത്തിലെ മലങ്കര റിവർ ബേസ്ഡ് ടൂറിസം കേന്ദ്രം. മലങ്കര ഡാമിന്‍റെ തീരം മനോഹരമാക്കി സഞ്ചാരികളെ ആകർഷിക്കുകയാണ് പദ്ധതിയിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. അടുത്തമാസം സഞ്ചാരികൾക്കായി തുറന്നുനൽകും. പൂന്തോട്ടം, ഓപൺ തിയറ്റർ, ടിക്കറ്റ് കൗണ്ടർ, വിശാല പാർക്കിങ് സൗകര്യം എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. ഒപ്പം സന്ദർശകർക്കായി ബോട്ടിങ് സൗകര്യവും മത്സ്യബന്ധനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മലനിരകളുടെ പച്ചപ്പ് ആസ്വദിച്ച് നടക്കാനുള്ള മനോഹരനടപ്പാതയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തൊടുപുഴയിൽനിന്ന് ഏഴ് കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. മലങ്കര ജലാശയവും ചെറുദ്വീപുകളും കണ്ണിന് കുളിർമയൊരുക്കുന്ന കാഴ്ചയാണ്. ഹാബിറ്റാറ്റാണ് പദ്ധതിയുടെ നിർമാണം നടത്തുന്നത്.

പെരുമഴയിലും നനയാതെ നടക്കാം ഷാര്‍ജയില്‍

ഇരമ്പി ആര്‍ത്ത പെയ്യുന്ന മഴയില്‍ നനയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ഇനി കൊതി തീരുവോളം നടക്കാം. അതിനുള്ള അവസരമാണ് ഷാര്‍ജ അല്‍ ബുഹൈറ കോര്‍ണിഷിലെ അല്‍ മജറയില്‍ ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ ഒരുങ്ങിയിരിക്കുന്നത്. റെയിന്‍ റൂം എന്നറിയപ്പെടുന്ന ഈ ഇന്‍സ്റ്റലേഷന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം  നിര്‍വഹിച്ചു. ലണ്ടന്‍ ആസ്ഥാനമായുള്ള കലാകാരന്‍മാരുടെ കൂട്ടായ്മയായ റാന്‍ഡം ഇന്റര്‍നാഷണല്‍ ആണ് ഇതിന്റെ ശില്‍പ്പികള്‍. മധ്യപ്പൂര്‍വദേശത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. മുറിയുടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ മഴയുടെ ഇരമ്പല്‍ കേള്‍ക്കാം. പിന്നെ നൂലിഴകളായി പെയ്ത് തുടങ്ങുന്ന മഴ, തുള്ളിക്കൊരു കുടം കണക്കെ പെയ്യുകയായി. എന്നാല്‍ മഴമുറിക്കുള്ളിലൂടെ നടക്കുന്നവരുടെ ദേഹത്ത് ഒരു തുള്ളി പോലും വീഴില്ല. മഴമുറിയില്‍ എത്തിയാല്‍ ആടാം പാടാം സെല്‍ഫിയെടുക്കാം. ആകാശം നോക്കാം മഴതുള്ളികള്‍ക്കുള്ളികള്‍ കാണാം. പെയ്യുമെന്നല്ലാതെ ദേഹം നനയില്ല. തലയ്ക്ക് മുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. മഴമുറിയില്‍ എത്തുന്നവരുടെ ... Read more

ഐഫോണ്‍ ത്രിഡി ടച്ച് ഫീച്ചര്‍ അവസാനിപ്പിക്കുന്നു

വരാനിരിക്കുന്ന ആപ്പിള്‍ ഐഫോണുകളില്‍ നിന്നും ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാന്‍ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തല്‍. കെജിഐ സെക്യൂരിറ്റീസിലെ പ്രശസ്ത അനലിസ്റ്റായ മിങ് ചി കുവോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യയായ കവര്‍ ഗ്ലാസ് സെന്‍സര്‍ അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതിനാലാണ് ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് മിങ് ചി കുവോ പറയുന്നു. കവര്‍ഗ്ലാസ് സെന്‍സറും ത്രിഡി ടച്ച് സംവിധാനവും ഒന്നിച്ച് പോവില്ല. മാത്രവുമല്ല ഇതുവഴി ഐഫോണ്‍ നിര്‍മ്മാണത്തിനുള്ള ചിലവ് വലിയൊരളവില്‍ കുറക്കാനും ആപ്പിളിന് സാധിക്കും. വരാനിരിക്കുന്ന 6.1 ഇഞ്ച് ഐഫോണില്‍ നിന്നും ത്രീഡി ടച്ച് പൂര്‍ണമായി നീക്കുമെന്നാണ് കുവോ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐഫോണ്‍ ടെന്നിന്‍റെ പിന്‍ഗാമിയായ ഐഫോണ്‍ ടെന്‍ പ്ലസില്‍ ത്രിഡി ടച്ച് സംവിധാനം നിലനിര്‍ത്തുമെന്നും 2019 ഓടെ എല്ലാ ഐഫോണുകളും കവര്‍ഗ്ലാസ് സെന്‍സറിലേക്ക് മാറുമെന്നും കുവോ പറഞ്ഞു. 2015ല്‍ ഐഫോണ്‍ 6 എസിലാണ് ത്രീഡി ടച്ച് സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്.

ഒറ്റദിവസംകൊണ്ട് മൂന്നാറില്‍ പോയിവരാം

ഏകദിന മൂന്നാര്‍ ടൂര്‍ പാക്കേജുമായി എറണാകുളം ഡിടിപിസി. അവധിക്കാല വിനോദ സഞ്ചാര ടൂര്‍ പാക്കേജായാണ് മൂന്നാര്‍ സഞ്ചാരം ഒരുക്കിയിരിക്കുന്നത്. ഡി.ടിപിസിയുടെ അംഗീകൃത സേവനദാതാക്കളായ ട്രാവല്‍മേറ്റ് സോല്യൂഷനാണ് പാക്കേജ് സംഘടിപ്പിക്കുന്നത്. ഭക്ഷണം, പ്രവേശന ടിക്കറ്റ്, ഗൈഡ് സര്‍വീസ് എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്ക്‌ 1200 രൂപയാണ് നിരക്ക്. മൂന്നാര്‍ കൂടാതെ ഇരവികുളം ദേശീയോദ്യാനവും പാക്കേജിന്‍റെ ഭാഗമായി സന്ദര്‍ശിക്കാം. മെയ് അഞ്ചിനാണ് ആദ്യ യാത്ര. രാവിലെ 6.45ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഒമ്പതിന് തിരികെ എറണാകുളത്ത് തിരികെയെത്തും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും എറണാകുളം ഡിടിപിസി ഓഫീസിലോ, കേരള സിറ്റി ടൂര്‍ വെബ്സൈറ്റിലോ, 0484- 2367334, 8893998888 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.